ഖത്തര്‍ ടിക്കറ്റ് അര്‍ജന്റീനക്കും; ബ്രസീല്‍- അര്‍ജന്റീന മത്സരം ഗോള്‍രഹിത സമനിലയില്‍

 

ഇന്ന് പുലര്‍ച്ചെ നടന്ന ബ്രസീല്‍- അര്‍ജന്റീന ദക്ഷിണ അമേരിക്കന്‍ ലോകകപ്പ് യോഗ്യതാ മത്സരം ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു. ബ്രസീലിനെതിരേ സമനില വഴങ്ങിയെങ്കിലും അര്‍ജന്റീനയ്ക്ക് ലോകകപ്പ് യോഗ്യത ഇതോടെ നേടാനായി.  ചിലി ഇക്വഡോറിനോട് എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തോറ്റതോടെയാണ് അര്‍ജന്റീന  ഖത്തര്‍ ലോകകപ്പ് യോഗ്യത നേടിയത്. ബ്രസീല്‍ നേരത്തെ യോഗ്യത നേടിയിരുന്നു. 

മറ്റ് മത്സരങ്ങളില്‍ ബൊളീവിയ എതിരില്ലാത്ത മൂന്ന് ഗോളിന് ഉറുഗ്വായെ തോല്‍പ്പിച്ചു. ഇതോടെ ഉഗുഗ്വായ് പോയിന്റ് നിലയില്‍ ഏഴാം സ്ഥാനത്തേക്ക് പിന്‍തള്ളപ്പെട്ടു. ഇത് അവരുടെ ലോകകപ്പ് സാധ്യതകളെ കാര്യമായി ബാധിക്കും. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പെറു വെനസ്വേലയെ തോല്‍പ്പിച്ചു. 

ദക്ഷിണ അമേരിക്കന്‍ ഗ്രൂപ്പില്‍ നിന്നും  ഗ്രൂപ്പില്‍ 13 മത്സരങ്ങളില്‍ നിന്ന് 35 പോയന്റുമായി ബ്രസീല്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 29 പോയന്റുമായി അര്‍ജന്റീന രണ്ടാമതുണ്ട്. ഇക്വഡോര്‍, കൊളംബിയ എന്നീ ടീമുകളാണ് പോയിന്റെ പട്ടികയില്‍ മൂന്ന്, നാല് സ്ഥാനങ്ങളില്‍. പെറു അഞ്ചാമതും. ദക്ഷിണ അമേരിക്കന്‍ യോഗ്യതാ റൗണ്ടില്‍ മുന്നിലെത്തുന്ന ആദ്യ നാലു ടീമുകളാണ് ലോകകപ്പിന് നേരിട്ട് യോഗ്യത നേടുക. അഞ്ചാമത്തെ ടീമിന് പ്ലേഓഫ് കളിക്കേണ്ടതായി വരും.