രാഹുൽ നയിച്ചു; ചെന്നൈ സൂപ്പർ കിം​ഗ്സിനെ തകർത്ത് പ്ലേഓഫ് സാധ്യത നിലനിർത്തി പഞ്ചാബ്

 

നായകൻ കെ.എൽ രാഹുലിന്‍റെ മികച്ച ഇന്നിം​ഗ്സിന്റെ ബലത്തിൽ ചെന്നൈ സൂപ്പർ കിം​ഗ്സിനെ തകർത്ത് പഞ്ചാബ് കിം​ഗ്സ് ഐപിഎൽ പ്ലേഓഫ് പ്രതീക്ഷ നിലനിർത്തി. ചെന്നൈ ഉയർത്തിയ 134 റൺസ് വിജയലക്ഷ്യം പുറത്താകാതെ 98 റൺസ് നേടിയ രാഹുലിന്‍റെ മികവിൽ പഞ്ചാബ് 13 ഓവറിൽ മറികടന്നു. ഇതോടെ ​ലീ​ഗിലെ കളികൾ അവസാനിച്ചപ്പോൾ പഞ്ചാബിന് 12 പോയിന്‍റായി. ഇനി കൊൽക്കത്ത- രാജസ്ഥാൻ മത്സരത്തെ ആശ്രയിച്ചിരിക്കും പഞ്ചാബിന്‍റെ സാധ്യതകൾ

ടോസ് നേടിയ പഞ്ചാബ് ബൗളിം​ഗ് തെരഞ്ഞെടുത്തു. മൂന്നാം ഓവറിലെ അവസാന പന്തിൽ മികച്ച ഫോമിലുള്ള ​ഗെയ്ക്വാദിനെ(12) അർഷ്ദീപ് പട്ടേൽ പുറത്താക്കി. പിന്നാലെ മൂന്ന് വിക്കറ്റുകൾ കൂടി തുടരെ വീണു. റണ്ണെടുക്കാതെ മോയിൻ അലി, 2 റൺസുമായി ഉത്തപ്പ, 4 റൺസുമായി റായിഡു എന്നിവർ പുറത്ത്. പിന്നീടെത്തെയ ധോണിക്കും കാര്യമായി ഒന്നും ചെയ്യാനായില്ല. 12 റണ്ണെടുത്ത് ധോണിയും പുറത്തായി. എന്നാൽ ഒരറ്റത്ത് ഉറച്ചു നിന്ന ഫാഫ് ഡുപ്ലസി മികച്ച ബാറ്റിം​ഗിലൂടെ ടീമിനെ പൊരുതാനാവുന്ന സ്കോറിലെത്തിച്ചു. 55 പന്തിൽ 76 റൺസെടുത്ത് ഡുപ്ലസി പുറത്തായി. ജ‍ഡേജ 15 റൺസ് നേടി. ജോർദ്ദാൻ,അർഷ്ദീപ് എന്നിവർ 2 വിക്കറ്റ് വീതം വീഴ്ത്തി. 

മായങ്ക് അ​ഗർവാൾ(12) പഞ്ചാബ് ഇന്നിം​ഗ്സിന്‍റെ തുടക്കത്തിലേ പുറത്തായെങ്കിലും രാഹുൽ തകർത്തടിച്ചു. ഒരറ്റത്ത് വിക്കറ്റുകൾ കൊഴിയുമ്പോഴും രാഹുൽ സ്കോറിം​ഗ് നിരക്ക് ഉയർത്തിക്കൊണ്ടു വന്നു. 42 പന്തിൽ 8 സിക്സും 7 ഫോറും പായിച്ചാണ് രാഹുൽ 98 റൺസെടുത്തത്. 13ആം ഓവറിൽ കളി തീർന്നു. ഷർദൂൽ താക്കൂർ 3 വിക്കറ്റ് വീഴ്ത്തി.