രാജസ്ഥാന്റെ കൂറ്റൻ സ്കോർ ഫലം കണ്ടില്ല, ഡൽഹിക്ക് വിജയം

ഏഴ് വിക്കറ്റിനാണ് ഡൽഹിയുടെ വിജയം.
 

ഐ.പി.എലിൽ രാജസ്ഥാൻ റോയൽസ് ഉയർത്തിയ കൂറ്റൻ വിജയലക്ഷ്യം മറികടന്ന് ഡൽഹി ക്യാപിറ്റൽസ്. ഏഴ് വിക്കറ്റിനാണ് ഡൽഹിയുടെ വിജയം. രാജസ്ഥാൻ മുന്നോട്ടുവച്ച 226 റൺസ് വിജയലക്ഷ്യം മൂന്ന് വിക്കറ്റ് നഷ്ടത്തിൽ അഞ്ച് പന്തുകൾ ബാക്കിനിൽക്കെ ഡൽഹി മറികടന്നു. അർധസെഞ്ചുറി നേടിയ കെഎൽ രാഹുൽ (40 പന്തിൽ 75 റൺസ്), പാത്തും നിസ്സങ്ക (33 പന്തിൽ 62 റൺസ്), നിതീഷ് റാണ (17 പന്തിൽ 33 റൺസ്), അശുതോഷ് ശർമ്മ (15 പന്തിൽ പുറത്താകാതെ 25 റൺസ്) എന്നിവരുടെ ബാറ്റിങ് മികവിലാണ് ഡൽഹിയുടെ വിജയം.

നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത രാജസ്ഥാൻ ക്യാപ്റ്റൻ റിയാൻ പരാഗിന്റെയും (50 പന്തിൽ 90 റൺസ്) ഡൊണോവൻ ഫെരേരയുടെയും (14 പന്തിൽ 47 റൺസ്) വെടിക്കെട്ട് പ്രകടനത്തിന്റെ പിൻബലത്തിലാണ് നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 225 റൺസ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഡൽഹിക്ക് നിസ്സങ്കയും രാഹുലും ചേർന്ന് മികച്ച തുടക്കം നൽകി. ആദ്യ വിക്കറ്റിൽ ഇരുവരും ചേർന്ന് 110 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. നിസ്സങ്കയെ ജഡേജ മടക്കിയെങ്കിലും പിന്നാലെയെത്തിയ നിതീഷ് റാണ രാഹുലിന് മികച്ച പിന്തുണ നൽകിയതോടെ ഡൽഹി സ്‌കോർബോർഡ് കുതിച്ചു. സ്‌കോർ 171ൽ നിൽക്കെ നിതീഷും തൊട്ടുപിന്നാലെ രാഹുലും മടങ്ങിയെങ്കിലും അശുതോഷ് ശർമ്മയും സ്റ്റബ്‌സും ചേർന്ന് ഡൽഹിയെ വിജയത്തിലേക്ക് നയിച്ചു.