സി.എസ്.കെയെ മറികടന്ന് ആർ.സി.ബി, ഐ.പി.എല്ലിലെ ഏറ്റവും മൂല്യമേറിയ ഫ്രാഞ്ചൈസി; നേട്ടമുണ്ടാക്കി പഞ്ചാബും ലഖ്നോവും
ബംഗളൂരു: പതിനെട്ടു വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഐ.പി.എൽ കിരീടം നേടിയ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്‍റെ വിപണി മൂല്യം കുതിച്ചുയർന്നു. വെറ്ററൻ താരം എം.എസ്. ധോണിയുടെ ചെന്നൈ സൂപ്പർ കിങ്സിനെ മറികടന്ന് ഐ.പി.എല്ലിലെ ഏറ്റവും മൂല്യമേറിയ ഫ്രാഞ്ചൈസിയായി ആർ.സി.ബി.
ഐ.പി.എല്ലിൽ ഏറ്റവും വലിയ ആരാധകവൃന്ദമുള്ള ടീമാണ് സൂപ്പർതാരം കോഹ്ലിയുടെ ആർ.സി.ബി. ആഗോള നിക്ഷേപക ധനകാര്യ സ്ഥാപനമായ ഹൂളിഹാൻ ലോകി നടത്തിയ പഠനത്തിൽ കിരീട നേട്ടത്തിനു പിന്നാലെ ആർ.സി.ബിയുടെ വിപണിമൂല്യത്തിൽ 18.5 ശതമാനത്തിന്‍റെ വർധനയുണ്ടായതായി പറയുന്നു. നേരത്തെ, സി.എസ്.കെയായിരുന്നു ഒന്നാം സ്ഥാനത്തുണ്ടായിരുന്നത്. ഏകദേശം 2300 കോടി (269 മില്യൺ ഡോളർ) രൂപയാണ് നിലവിൽ ആർ.സി.ബിയുടെ വിപണി മൂല്യം. 2024ൽ ഫ്രാഞ്ചൈസിയുടെ മൂല്യം 227 മില്യൺ ഡോളറായിരുന്നു. കഴിഞ്ഞ സീസണിൽ അവസാന സ്ഥാനത്ത് ഫിനിഷ് ചെയ്ത സി.എസ്.കെ മൂന്നാം സ്ഥാനത്തേക്ക് വീണു. 1.7 ശതമാനം വളർച്ച രേഖപ്പെടുത്തിയ സി.എസ്.കെയുടെ വിപണിമൂല്യം 2017 കോടി രൂപയിലെത്തി. രണ്ടാം സ്ഥാനത്തുള്ള മുംബൈ ഇന്ത്യൻസിന്‍റെ വിപണിമൂല്യം 2077 കോടി രൂപയാണ്. ഇക്കാലയളവിൽ 18.6 ശതമാനം വളർച്ചയാണ് ഫ്രാഞ്ചൈസി രേഖപ്പെടുത്തിയത്.
എന്നാൽ, ലീഗിൽ ഏറ്റവും വലിയ നേട്ടമുണ്ടാക്കിയത് പഞ്ചാബ് സൂപ്പർ കിങ്സും ലഖ്നോ സൂപ്പർ ജയന്‍റ്സുമാണ്. പഞ്ചാബിന്‍റെ വിപണിമൂല്യത്തിൽ 39.6 ശതമാനം വളർച്ചയാണുണ്ടായത് -1210 കോടി രൂപയാണ് നിലവിൽ ക്ലബിന്‍റെ മൂല്യം. 34.1 ശതമാനം വളർച്ച രേഖപ്പെടുത്തിയ ലഖ്നോവിന്‍റെ വിപണിമൂല്യം 1047 കോടി രൂപയും. മലയാളി താരം സഞ്ജു സാംസണിന്‍റെ രാജസ്ഥാൻ റോയൽസിന്‍റെ മൂല്യം 1253 കോടി രൂപയാണ്.
കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് -1948 കോടി, സൺറൈസേഴ്സ് ഹൈദരാബാദ് -1322 കോടി, ഡൽഹി കാപിറ്റൽസ് -1305 കോടി, ഗുജറാത്ത് ടൈറ്റൻസ് -1219 കോടി എന്നിങ്ങനെയാണ് മറ്റു ടീമുകളുടെ വിപണിമൂല്യം. ഐ.പി.എല്ലിന്‍റെ വിപണമൂല്യത്തിലും വർധനയുണ്ടായി. നേരത്തെ, കിരീട നേട്ടത്തിനു പിന്നാലെ ആർ.സി.ബിയെ ഉടമകൾ വിൽക്കുന്നുവെന്ന അഭ്യൂഹങ്ങൾ പുറത്തുവന്നിരുന്നു. പിന്നീട് ടീം ഉടമകളും മദ്യകമ്പനിയുമായ ഡിയാജിയോ വാർത്ത നിഷേധിച്ചു. ആർ.സി.ബി ടീം ഉടമകളായ യുനൈറ്റഡ് സ്പിരിറ്റ്സ് ലിമിറ്റഡിന്റെ മാതൃകമ്പനിയാണ് ഡിയാജിയോ.
2008ൽ ഫ്രാഞ്ചൈസി ആരംഭിച്ചപ്പോൾ, കിങ്ഫിഷർ എയർലൈൻസിന്റെ ഉടമയും മദ്യ വ്യവസായിയുമായ വിജയ് മല്യയാണ് ഇത് ആദ്യം വാങ്ങിയത്. മല്യ കടക്കെണിയിൽ അകപ്പെട്ടു. സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ട് കിങ്ഫിഷർ എയര്‍ലൈന്‍സ് പൂട്ടിയതോടെ 2012ല്‍ മല്യയുടെ യുനൈറ്റഡ് സ്പിരിറ്റ്‌സിനെ ബ്രിട്ടീഷ് കമ്പനിയായ ഡിയാജിയോ ഏറ്റെടുത്തു. യുനൈറ്റഡ് സ്പിരിറ്റിസിന്റെ നിയന്ത്രണത്തിലുള്ള ആര്‍.സി.ബിയും ഇതോടെ ഡിയാജിയോയുടെ കീഴിലായി.