വിദേശത്തെ ആദ്യ സെഞ്ച്വറിയുമായി രോഹിത് തിളങ്ങി. ഇന്ത്യ പൊരുതുന്നു
കെന്നിംഗ്ടൺ ഓവലിലെ മൂന്നാം ദിനം രോഹിത് ശർമ്മ ഇന്ത്യയുടേതാക്കി. വിദേശ മണ്ണിലെ തന്റെ ആദ്യ സെഞ്ച്വറി പ്രകടനത്തോടെ ഇന്ത്യയെ മികച്ച നിലയിൽ എത്തിക്കാൻ അദ്ദേഹത്തിനായി. ചേതേശ്വർ പൂജാരയുമൊത്തുള്ള രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് ഇന്ത്യക്ക് നൽകിയത് വിജയ പ്രതീക്ഷ ആണ്. നാളെ ഈ തുടക്കം ഇന്ത്യ ഉപയോഗപ്പെടുത്തിയാൽ ടീമിന് വിജയം സ്വപ്നം കാണാം.
സ്കോർ 83ൽ നിൽക്കെ 46 റൺസ് എടുത്ത കെഎൽ രാഹുലിനെ ഇന്ത്യക്ക് നഷ്ടമായി. എന്നാൽ പിന്നീട് പൂജാരയും രോഹിത്തും നല്ല കൂട്ടുകെട്ട് ഉണ്ടാക്കി. 113 റൺസാണ് ഇവർ കൂട്ടിച്ചേർത്ത്. മോയിൻ അലിയെ സിക്സർ പറത്തിയാണ് കരിയറിലെ തന്റെ എട്ടാം ടെസ്റ്റ് സെഞ്ച്വറി രോഹിത് നേടിയത്. എന്നാൽ ന്യൂ ബോൾ വന്നതോടെ റോബിൻസൺ രണ്ടു പേരെയും പുറത്താക്കി. രോഹിത് 127നും പൂജാര 61നും പുറത്തായി. 14 ഫോറും ഒരു സിക്‌സും 256 പന്ത് നീണ്ട ഇന്നിഗ്‌സിൽ ഉണ്ടായി.
കളി മൂന്നാം ദിവസം അവസാനിക്കുമ്പോൾ 22 റൺസ് നേടി കോഹ്ലിയും 9 റൺസുമായി രവീന്ദ്ര ജഡേജയും ആണ് ക്രീസിൽ. ഇന്ത്യക്ക് 17 റൺസിന്റെ ലീഡ് ഉണ്ട്.