സിവിൽ സർവീസ് വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പുമായി സഞ്ജു സാംസൺ ഫൗണ്ടേഷൻ

1000 പേർക്ക് പരിശീലനം നൽകും
 

സിവിൽ സർവീസ് സ്വപ്നം കാണുന്ന മിടുക്കരായ വിദ്യാർഥികൾക്ക് ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസന്റെ കൈത്താങ്ങ്. 1000 വിദ്യാർഥികൾക്ക് യുപിഎസ്‌സി സിവിൽ സർവീസ് കോച്ചിങ്ങിനുള്ള സൗകര്യം ഒരുക്കി നൽകാൻ തയ്യാറെടുക്കുകയാണ് സഞ്ജു സാംസൺ ഫൗണ്ടേഷൻ. പ്രമുഖ സിവിൽ സർവീസ് കോച്ചിങ് സ്ഥാപനമായ 'ലീഡ് ഐ.എ.എസ് അക്കാദമി'യുമായി പങ്കാളിത്തത്തിൽ ഏർപ്പെട്ടാണ് ഈ വലിയ പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്.

അടുത്തിടെ നടന്ന 'ലീഡ് ഇന്ത്യ സമ്മിറ്റ് 2026'-ൽ വെച്ചാണ് സഞ്ജു സാംസൺ രാജ്യത്തെ യുവപ്രതിഭകൾക്കായി ഈ സ്‌കോളർഷിപ്പ് പദ്ധതി പ്രഖ്യാപിച്ചത്. ഈ സംരംഭത്തിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന 1,000 വിദ്യാർഥികൾക്ക് ലീഡ് ഐ.എ.എസ് അക്കാദമിയിൽ യു.പി.എസ്.സി പരീക്ഷാ കോച്ചിങ്ങിനായുള്ള പൂർണ സ്‌പോൺസർഷിപ്പ് ലഭിക്കും. ഇതിൽ സഞ്ജുവിന്റെ ജന്മനാടായ വിഴിഞ്ഞത്തിനും കേരളത്തിലെ സമീപപ്രദേശങ്ങളിലുമുള്ള വിദ്യാർഥികൾക്ക് മുൻഗണന നൽകുമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.