ഇന്ത്യൻ ടീമിൽ എന്തിനും തയാറെന്ന് സഞ്ജു, വേണ്ടിവന്നാൽ ഒൻപതാമനായി ബാറ്റിങ്ങിനിറങ്ങും
കഠിനാധ്വാനം ചെയ്താണ് ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ സ്ഥാനം ലഭിച്ചതെന്നും, ടീമിനു വേണ്ടി ഏതു പൊസിഷനിലും കളിക്കാൻ തയാറാണെന്നും മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസൺ. സിയറ്റ് ക്രിക്കറ്റ് റേറ്റിങ് പുരസ്കാരവേദിയിൽവച്ചായിരുന്നു സഞ്ജു സാംസണിന്റെ പ്രതികരണം. ശുഭ്മൻ ഗിൽ വൈസ് ക്യാപ്റ്റനായി മാറിയതോടെ ഇന്ത്യൻ ട്വന്റി20 ടീമിൽ സഞ്ജുവിന്റെ ഓപ്പണർ സ്ഥാനം നഷ്ടമായിരുന്നു. ഓപ്പണർ റോളില്‍ തിളങ്ങി നിൽക്കുമ്പോഴായിരുന്നു, ഗില്ലിന് വഴിയൊരുക്കുന്നതിനായി സഞ്ജുവിന് മധ്യനിരയിലേക്കു മാറേണ്ടിവന്നത്.
ഏഷ്യാകപ്പിൽ ഇന്ത്യൻ മധ്യനിരയിലാണ് സഞ്ജു ബാറ്റിങ്ങിന് ഇറങ്ങിയത്. ‘‘നിങ്ങൾ ഇന്ത്യൻ ജഴ്സി ധരിച്ചുകഴിഞ്ഞാൽ ഒന്നിനോടും നോ പറയാൻ പറ്റില്ലെന്നാണ് എനിക്കു തോന്നുന്നത്. ഇന്ത്യൻ ജഴ്സിക്കു വേണ്ടിയും ഡ്രസിങ് റൂമിൽ ഇടം ലഭിക്കാനും ഞാൻ കഠിനാധ്വാനം ചെയ്തിട്ടുണ്ട്. രാജ്യത്തിനായി എന്റെ ചുമതല നിർവഹിക്കുന്നതിനെ അഭിമാനത്തോടെയാണു ഞാൻ കാണുന്നത്. രാജ്യത്തിനു വേണ്ടി ഒൻപതാം നമ്പരിൽ ബാറ്റു ചെയ്യാനോ, വേണ്ടിവന്നാൽ ലെഫ്റ്റ് ആം സ്പിൻ എറിയുന്നതിനോ എനിക്കൊരു പ്രശ്നവുമില്ല.’’– സഞ്ജു പറഞ്ഞു.