സ്‌കൂൾ കായികമേള: തിരുവനന്തപുരം ചാമ്പ്യൻമാർ

അത്‌ലറ്റിക്‌സിൽ മലപ്പുറം
 

ആവേശകരമായ മത്സരങ്ങൾക്കൊടുവിൽ സമാപിച്ച സംസ്ഥാന സ്‌കൂൾ കായികമേളയിൽ തിരുവനന്തപുരം ഓവറോൾ ചാമ്പ്യൻമാരായി സ്വർണക്കപ്പ് സ്വന്തമാക്കി. ആകെ 2012.3 പോയിന്റ് നേടിയാണ് തിരുവനന്തപുരം ഈ അഭിമാനാർഹമായ നേട്ടം കൈവരിച്ചത്. കായികമേളയിൽ മികച്ച പോരാട്ടം കാഴ്ചവെച്ച തൃശൂർ 965.3 പോയികോടെ രണ്ടാം സ്ഥാനവും, 923.3 പോയിന്റ് നേടി മലപ്പുറം മൂന്നാം സ്ഥാനവും കരസ്ഥമാക്കി. അതേസമയം, കായികമേളയിലെ പ്രധാന ഇനമായ അത്‌ലറ്റിക്‌സിൽ മലപ്പുറം ജില്ല ജേതാക്കളായി.

ഗെയിംസ്, അക്വാട്ടിക്‌സ് എന്നീ വിഭാഗങ്ങളിൽ മികച്ച ആധിപത്യം പുലർത്തിയാണ് തിരുവനന്തപുരം കിരീടനേട്ടത്തിലേക്ക് കുതിച്ചത്. ഗെയിംസ് ഇനങ്ങളിൽ നിന്ന് മാത്രം 1310 പോയന്റാണ് തിരുവനന്തപുരം നേടിയത്. ഈ വിഭാഗത്തിൽ 151 സ്വർണവും, 92 വെള്ളിയും, 106 വെങ്കലവും അവർ സ്വന്തമാക്കി. ഗെയിംസിൽ 813 പോയിന്റുമായി കണ്ണൂർ രണ്ടാമതും, 796 പോയിന്റുമായി തൃശൂർ മൂന്നാമതുമെത്തി.

കൂടാതെ, അക്വാട്ടിക്‌സ് (നീന്തൽ) ഇനങ്ങളിലും തിരുവനന്തപുരം തങ്ങളുടെ മേധാവിത്വം ഉറപ്പിച്ചു. 606 പോയിന്റാണ് ഈ വിഭാഗത്തിൽ തിരുവനന്തപുരം നേടിയത്. അക്വാട്ടിക്‌സിൽ 160 പോയിന്റുമായി എറണാകുളം രണ്ടാമതും, 120 പോയിന്റുമായി തൃശൂർ മൂന്നാമതും സ്ഥാനം പിടിച്ചു.