ഷാരൂഖ് ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ നടൻ, 10,800 കോടിയുടെ ആസ്തി

സംഗീത ഇതിഹാസങ്ങളായ ജെയ്-സി, ടെയ്‌ലർ സ്വിഫ്റ്റ് എന്നിവർക്കൊപ്പമാണ് ഷാരൂഖ്
 

ഇന്ത്യയിലെ ഏറ്റവും ധനികനായ നടൻ  ഷാരൂഖ് ഖാൻ തന്നെ. ഹുറൂൺ ഗ്ലോബൽ റിച്ച് ലിസ്റ്റ് പുറത്തുവിട്ട പട്ടികയിലാണ് ഈ വിവരമുള്ളത്. തന്റെ അഭിനയ മികവുകൊണ്ടും വ്യക്തിത്വം കൊണ്ടും ലോകമെമ്പാടുമുള്ള ആരാധകരുടെ മനം കവർന്ന അദ്ദേഹം ഇപ്പോൾ സാമ്പത്തിക നേട്ടത്തിലും പുതിയ ചരിത്രം കുറിച്ചിരിക്കുകയാണ്.

2026 ജനുവരി 15 വരെയുള്ള കണക്കുകൾ പ്രകാരമാണ് ഹുറൂൺ ഗ്ലോബൽ റിച്ച് ലിസ്റ്റ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. പട്ടികയനുസരിച്ച് 1.3 ബില്യൺ ഡോളറാണ് (ഏകദേശം 10,800 കോടി രൂപ) ഷാരൂഖ് ഖാന്റെ ആസ്തി. ഈ നേട്ടത്തോടെ അന്താരാഷ്ട്ര സംഗീത ഇതിഹാസങ്ങളായ ജെയ്-സി (2.8 ബില്യൺ ഡോളർ), ടെയ്‌ലർ സ്വിഫ്റ്റ് (1.6 ബില്യൺ ഡോളർ), റിയാന (1.5 ബില്യൺ ഡോളർ) എന്നിവർക്കൊപ്പം അദ്ദേഹം പട്ടികയിൽ ഇടംപിടിച്ചു.

രൺബീർ കപൂർ നായകനാവുന്ന 'രാമായണ' സിനിമയുടെ നിർമാതാവ് നമിത് മൽഹോത്രയും ഇതേപട്ടികയിലിടം പിടിച്ചിട്ടുണ്ട്. ഒരു ബില്യൺ ഡോളർ (9,204 കോടി രൂപ) ആസ്തിയാണ് അദ്ദേഹത്തിനുള്ളത്. അതേസമയം, 9.8 ലക്ഷം കോടി രൂപയുടെ ആസ്തിയുമായി മുകേഷ് അംബാനി ഇന്ത്യയിലെ ഏറ്റവും ധനികനായ വ്യവസായിയായി തുടരുന്നു. ആഗോളതലത്തിൽ അദ്ദേഹം 17-ാം സ്ഥാനത്താണ്.