വെസ്റ്റിൻഡീസിനെ തകർത്ത് ദ​ക്ഷിണാഫ്രിക്ക ട്വന്റി 20 ലോകകപ്പ് സെമിയിൽ

 

ട്വന്റി20 ലോകകപ്പ് സൂപ്പർ 8 റൗണ്ടിൽ മൂന്നാം വിജയവുമായി ദക്ഷിണാഫ്രിക്ക സെമി ഫൈനലിൽ. രണ്ടാം ഗ്രൂപ്പിൽ ഒന്നാം സ്ഥാനക്കാരായാണു ദക്ഷിണാഫ്രിക്ക സെമി ഉറപ്പാക്കിയത്. രണ്ടാമൻമാരായി ഇംഗ്ലണ്ടും സെമി ഫൈനലിലെത്തി. വെസ്റ്റിൻഡീസിനെ മൂന്നു വിക്കറ്റുകൾക്കാണ് ദക്ഷിണാഫ്രിക്ക തോൽപിച്ചത്. മഴ കാരണം മറുപടി ബാറ്റിങ്ങിൽ ദക്ഷിണാഫ്രിക്കയുടെ വിജയ ലക്ഷ്യം 123 റൺസാക്കി വെട്ടിച്ചുരുക്കിയിരുന്നു. അഞ്ചു പന്തുകൾ ബാക്കി നിൽക്കെ ദക്ഷിണാഫ്രിക്ക വിജയ റൺസ് കുറിച്ചു.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത വെസ്റ്റിൻഡീസ് എട്ടു വിക്കറ്റ് നഷ്ടത്തിൽ 135 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ 16.1 ഓവറിൽ ഏഴു വിക്കറ്റുകൾ നഷ്ടത്തിൽ ദക്ഷിണാഫ്രിക്ക വിജയറൺസ് കുറിച്ചു. മൂന്നു വിക്കറ്റു വീഴ്ത്തിയ സ്പിന്നർ ടബരെയ്സ് ഷംസിയാണ് കളിയിലെ താരം. വിൻഡീസിനായി റോസ്റ്റൻ ചേസ് അർധ സെഞ്ചറി നേടി. 42 പന്തിൽ 52 റൺസാണു താരം നേടിയത്

കൈൽ മെയർസും (34 പന്തിൽ 35) കളിയിൽ തിളങ്ങി. മറുപടി ബാറ്റിങ്ങിൽ ട്രിസ്റ്റൻ സ്റ്റബ്സ് (27 പന്തിൽ 29), ഹെൻറിച് ക്ലാസൻ (10 പന്തിൽ 22), മാർകോ ജാൻസൻ (14 പന്തിൽ 21) എന്നിവരാണു ദക്ഷിണാഫ്രിക്കയുടെ പ്രധാന സ്കോറർമാർ. രണ്ടാം ഗ്രൂപ്പിൽനിന്ന് യുഎസ് നേരത്തേ തന്നെ പുറത്തായിരുന്നു. ഇന്നു മികച്ച മാർജിനിൽ ജയിച്ചിരുന്നെങ്കിൽ വിൻഡീസിനു സെമിയിലെത്താൻ സാധിക്കുമായിരുന്നു.