ശ്രീലങ്കയെ തകർത്ത് ദക്ഷിണാഫ്രിക്ക; ഹസരങ്കയുടെ ഹാട്രിക് പാഴായി

 
അവസാന ഓവർ വരെ ആവേശം നിറഞ്ഞ മത്സരത്തിൽ ​ശ്രീലങ്കയെ നാല് വിക്കറ്റിന് തകർത്ത് ദക്ഷിണാഫ്രിക്ക ട്വന്‍റി20 ലോകകപ്പിന്‍റെ സെമിഫൈനൽ പ്രതീക്ഷ നിലനിർത്തി. ശ്രീലങ്ക ഉയർത്തിയ 143 എന്ന ലക്ഷ്യം ഒരു പന്ത് ശേഷിക്കെയാണ് ദക്ഷിണാഫ്രിക്ക മറികടന്നത്. ഡേവിഡ് മില്ലറുടേയും റബാദയുടേയും അവസാന ഘട്ടത്തിലെ ചെറുത്തുനിൽപ്പാണ് അവരെ വിജയത്തിലെത്തിച്ചത്.

ആദ്യം ബാറ്റുചെയ്ത ലങ്ക ഓപ്പണർ നിസങ്കയുടെ ഒറ്റയാൾ പ്രകടനത്തിലാണ് 142 റൺസ് എന്ന സ്കോറിലെത്തിയത്. സ്പിന്നർ ഷംസിയും ഓൾറൗണ്ടർ പ്രിട്ടോറിയസ് ഫാസ്റ്റ് ബൗളർ നോക്യയും ചേർന്നാണ് ശ്രീലങ്കയെ വരിഞ്ഞു കെട്ടിയത്. 21 റൺസെടുത്ത അസലങ്ക മാത്രമാണ് നിസങ്കക്ക് പിൻതുണ നൽകിയത്. 58 പന്തിൽ 72 റൺസെടുത്ത നിസങ്കയുടെ ഇന്നിം​ഗ്സിൽ ആറ് ബൗണ്ടറികളും മൂന്ന് സിക്സറുകളും ഉണ്ടായിരുന്നു. ഷംസി നാല് ഓവറിലും പ്രിട്ടോറിയസ് മൂന്ന് ഓവറിലും 17 റൺസ് വീതം വഴങ്ങി 3 വിക്കറ്റുകൾ വീഴ്ത്തി. നോക്യ 27 റൺസിന് 2 വിക്കറ്റും വീഴ്ത്തി.

ദക്ഷിണാഫ്രിക്കയുടെ തുടക്കവും നന്നായില്ല. 26 റൺസെടുക്കുമ്പോഴേക്കും ഓപ്പണർ ക്വിന്റൺ ഡികോക്ക് (12) , റീസ ഹെൻട്രിക്സ്(11) എന്നിവർ തിരിച്ചുപോയി. 46 പന്തിൽ 46 റൺസെടുത്ത നായകൻ ബാവുമയും 13 പന്തിൽ 23 റൺസെടുത്ത മില്ലറുമാണ് കളി ദക്ഷിണാഫ്രിക്കക്ക് അനുകൂലമാക്കിയത്. പതിനാലാം ഓവറിലെ അവസാന പന്തിലും പിന്നീട് പതിനേഴാം ഓവറിലെ ആദ്യ രണ്ട് പന്തിലും വിക്കറ്റ് വീഴ്ത്തിയാണ് ഹസരങ്ക ഹാട്രിക് നേടിയത്. ഇതോടെ ട്വന്റി20യിലും ഏകദിനത്തിലും ഹാട്രിക് നേടുന്ന നാലാമത്തെ താരമായി ഹസരങ്ക, ബ്രെറ്റി ഒഴികെ മറ്റ് താരങ്ങളെല്ലാം ശ്രീലങ്കക്കാരാണ്. തിസാര പെരേര, ലസിത് മലിങ്ക എന്നിവരാണ് മറ്റുള്ളവർ. ഈ ലോകകപ്പിലെ രണ്ടാം ഹാട്രിക് ആണ് ഇത്. ഷംസിയാസ് കളിയിലെ താരം