സ്പാനിഷ് സൂപ്പർകപ്പ് റയൽ മാഡ്രിഡിന്
ഫൈനലിൽ തോൽപ്പിച്ചത് അത്‍ലറ്റിക്കോ ബിൽബാവോയെ (2-0)
Jan 17, 2022, 08:56 IST

എതിരില്ലാത്ത രണ്ട് ഗോളിന് അത്‍ലറ്റിക്കോ ബിൽബാവോയെ തോൽപ്പിച്ച് റയൽ മാഡ്രിഡ് സ്പാനിഷ് സൂപ്പർ കപ്പ് സ്വന്തമാക്കി. സൗദി തലസ്ഥാനമായ റിയാദിലെ കിംഗ് ഫഹദ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 38ാം മിനിറ്റിൽ ലൂക്കാ മോഡ്രിച്ച് റയലിന് ലീഡ് നേടിക്കൊടുത്തു. 52ാം മിനിറ്റിൽ കരീം ബെൻസെ നേടിയ പെനാൽറ്റി ഗോളിലൂടെ റയൽ തങ്ങളുടെ പതിനെട്ടാം കിരീടം ഉറപ്പാക്കി.
സെമി ഫൈനലിൽ ബാഴ്സിലോണയെ പരാജയപ്പെടുത്തിയാണ് റയൽ മാഡ്രിഡ് ഫൈനലിലെത്തിയത്. കളിയിലുടനീളം ബിൽബാവോ ആക്രമിച്ചു കളിച്ചു. ഗോളെന്നുറപ്പിച്ച നിരവധി അവസരങ്ങൾ സൃഷ്ടിക്കാൻ അവർക്കായെങ്കിലും ബെൽജിയൻ ഗോളി കോട്ട്വായെ മറികടക്കാനായില്ല