സൂപ്പർ ത്രില്ലർ; രണ്ടാം സൂപ്പർ ഓവറിൽ അഫ്ഗാനെ മറികടന്ന് ദക്ഷിണാഫ്രിക്ക
ടി20 ലോകകപ്പിൽ അഫ്ഗാനിസ്താനെതിരെ ദക്ഷിണാഫ്രിക്കയ്‌ക്കക്ക് വിജയം. നിശ്ചിത ഓവറിലും ആദ്യ സൂപ്പർ ഓവറിലും ടൈ ആയ മത്സരം ഒടുവിൽ രണ്ടാം സൂപ്പർ ഓവറിൽ ദക്ഷിണാഫ്രിക്ക സ്വന്തമാക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 187 റൺസ്. മറുപടി ബാറ്റിങ്ങിൽ 19.4 ഓവറിൽ അഫ്ഗാൻ 187 റൺസിൽ ഓൾഔട്ടായി. പിന്നാലെ മത്സരം സൂപ്പർ ഓവറിലേക്ക്. ലുങ്കി എൻഗിഡി എറിഞ്ഞ ഒന്നാം സൂപ്പർ ഓവറിൽ അസ്മത്തുള്ള ഒമർസായിയും റഹ്‌മാനുള്ള ഗുർബാസും ചേർന്നെടുത്തത് 17 റൺസ്. മറുപടിയായി ഫസൽഹഖ് ഫറൂഖിയെറിഞ്ഞ സൂപ്പർ ഓവറിൽ ഡെവാൾഡ് ബ്രെവിസിന്റെ വിക്കറ്റ് നഷ്ടമായെങ്കിലും ഡേവിഡ് മില്ലറും ട്രിസ്റ്റൻ സ്റ്റബ്ബ്‌സും ചേർന്നെടുത്തതും 17 റൺസ്. ഓവറിലെ അവസാന പന്ത് സിക്‌സറിന് പറത്തിയാണ് സ്റ്റബ്ബ്‌സ് സൂപ്പർ ഓവറും ടൈ ആക്കിയത്.
പിന്നാലെ അസ്മത്തുള്ള ഒമർസായ് എറിഞ്ഞ രണ്ടാം സൂപ്പർ ഓവറിൽ മില്ലറും സ്റ്റബ്ബ്‌സും ചേർന്ന് അടിച്ചെടുത്തത് 23 റൺസ്. മറുപടിയായി കേശവ് മഹാരാജ് എറിഞ്ഞ രണ്ടാം സൂപ്പർ ഓവറിലെ രണ്ടാം പന്തിൽ മുഹമ്മദ് നബിയെ നഷ്ടമായെങ്കിലും തുടർച്ചയായി മൂന്നു പന്തുകൾ സിക്‌സറിന് തൂക്കി റഹ്‌മാനുള്ള ഗുർബാസ് മത്സരം വീണ്ടും ആവേശകരമാക്കി. അവസാന പന്തിൽ ജയിക്കാൻ അഞ്ചു റൺസ് വേണമെന്നിരിക്കേ ഗുർബാസിന്റെ ക്യാച്ചെടുത്ത് മില്ലർ ഈ ത്രില്ലർ മത്സരത്തിന് അവസാനം കുറിച്ചു.
നേരത്തേ ദക്ഷിണാഫ്രിക്ക ഉയർത്തിയ 187 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാന് നെല്ലിട വ്യത്യാസത്തിലാണ് നിശ്ചിത ഓവറിൽ ജയം നേടാനാകാതെ പോയത്. കാഗിസോ റബാദ എറിഞ്ഞ അവസാന ഓവറിൽ ജയിക്കാൻ 13 റൺസായിരുന്നു അഫ്ഗാന് ജയിക്കാൻ വേണ്ടിയിരുന്നത്. ആദ്യ പന്ത് തന്നെ നോബാളായി. രണ്ടാം പന്ത് വൈഡും. ഓവറിലെ നിയമാനുസൃതമായ രണ്ടാം പന്ത് സികസറിന് പറത്തി നൂർ അഹമ്മദ് കളി ആവേശകരമാക്കി. മൂന്നാം പന്തിൽ റണ്ണില്ല. നാലാം പന്ത് വീണ്ടും നോബോൾ. അഫ്ഗാൻ രണ്ട് റൺസ് ഓടിയെടുക്കുകയും ചെയ്തു. മൂന്നു പന്തിൽ ജയിക്കാൻ രണ്ടു റൺസ് വേണമെന്നിരിക്കേ നാലാം പന്തിൽ രണ്ടാം റണ്ണിന് ശ്രമിച്ച ഫസൽഹഖ് ഫറൂഖിക്ക് പിഴച്ചു. ബാറ്റ് ക്രീസിൽ കുത്തുന്നതിൽ കാണിച്ച അലസത റണ്ണൗട്ടിന്റെ രൂപത്തിൽ അഫ്ഗാന്റെ വിജയം തടഞ്ഞു. മത്സരം ടൈ. തുടർന്നാണ് വിജയിയെ നിർണയിക്കാൻ രണ്ട് സൂപ്പർ ഓവറുകൾ വേണ്ടിവന്നത്.
42 പന്തിൽ നിന്ന് 84 റൺസെടുത്ത റഹ്‌മാനുള്ള ഗുർബാസാണ് അഫ്ഗാന്റെ പോരാട്ടം നയിച്ചത്. ഏഴ് സിക്‌സും നാല് ഫോറുമടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. എന്നാൽ ഇബ്രാഹിം സദ്രാൻ (12), ഗുൽബാദിൻ നയിബ് (0), സെദ്ദിക്കുള്ള അടൽ (0), മുഹമ്മദ് നബി (5) എന്നിവരെല്ലാം നിരാശപ്പെടുത്തി.
എന്നാൽ അവസാന ഓവറുകളിൽ അസ്മത്തുള്ള ഒമർസായിയും (17 പന്തിൽ 22), ക്യാപ്റ്റൻ റാഷിദ് ഖാനും (12 പന്തിൽ 20) ചേർന്ന് അഫ്ഗാന് വിജയ പ്രതീക്ഷ നൽകിയെങ്കിലും ഒമർസായിയെ പുറത്താക്കാൻ ട്രിസ്റ്റൻ സ്റ്റബ്ബ്‌സ് എടുത്ത ക്യാച്ചും റാഷിദിനെ പുറത്താക്കാൻ ഡേവിഡ് മില്ലറെടുത്ത ക്യാച്ചും നിർണായകമായി. പിന്നീടായിരുന്നു ഒമ്പത് പന്തിൽ 15 റൺസെടുത്ത നൂർ അഹമ്മദ് മത്സരം വീണ്ടും ആവേശത്തിലാക്കിയത്. എന്നാൽ അവസാന ഫസൽഹഖ് ഫറൂഖി വരുത്തിയ പിഴവ് അവരുടെ വിജയം തടയുകയായിരുന്നു.
നേരത്തേ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക ഓപ്പണർ ക്വിന്റൺ ഡിക്കോക്ക്, റയാൻ റിക്കെൽട്ടൺ എന്നിവരുടെ അർധ സെഞ്ചുറികളുടെ ബലത്തിലാണ് 20 ഓവറിൽ ആറിന് 187 റൺസെടുത്തത്. 28 പന്തിൽ നിന്ന് നാല് സിക്‌സും അഞ്ച് ഫോറുമടക്കം 61 റൺസെടുത്ത റിക്കെൽട്ടന്റെ കടന്നാക്രമണമായിരുന്നു പ്രോട്ടീസ് ഇന്നിങ്‌സിലെ പ്രത്യേകത. 41 പന്തുകൾ നേരിട്ട ഡിക്കോക്ക് 59 റൺസെടുത്തു. മൂന്ന് സിക്‌സും അഞ്ച് ഫോറുമടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. രണ്ടാം വിക്കറ്റിൽ 61 പന്തിൽ നിന്ന് ഇരുവരും ചേർന്ന് അടിച്ചുകൂട്ടിയ 114 റൺസാണ് പ്രോട്ടീസ് ഇന്നിങ്‌സിന് കുതിപ്പേകിയത്.
ഡെവാൾഡ് ബ്രെവിസ് (23), ഡേവിഡ് മില്ലർ (20), മാർക്കോ യാൻസൻ (16) എന്നിവരും ദക്ഷിണാഫ്രിക്കൻ സ്‌കോറിലേക്ക് സംഭാവന നൽകി. ക്യാപ്റ്റൻ ഏയ്ഡൻ മാർക്രവും (5), ട്രിസ്റ്റൻ സ്റ്റബ്ബ്‌സും (1) നിരാശപ്പെടുത്തി. നാല് ഓവറിൽ 41 റൺസിന് മൂന്നു വിക്കറ്റ് വീഴ്ത്തിയ അസ്മത്തുള്ള ഒമർസായിയാണ് അഫ്ഗാനായി ബൗളിങ്ങിൽ തിളങ്ങിയത്.