സയ്യിദ് മുഷ്താഖ് അലി ട്രോഫി; മഹാരാഷ്ട്രയെ തകർത്ത് കേരളം
സയ്യിദ് മുഷ്താഖ് അലി ട്രോഫി ട്വന്റി 20 ക്രിക്കറ്റ് ടൂർണമെന്റിൽ മഹാരാഷ്ട്രയെ കേരളം തകർത്തു. 94 റൺസിനാണ് കേരളം മറാത്തക്കാരെ തോൽപിച്ചത്. ആദ്യം ബാറ്റ് ചെയ്ത കേരളം 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 211 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ മഹാരാഷ്ട്ര 16 ഓവറിൽ 117 റൺസിന് ഓൾഔട്ടായി.
ഓപണർ രോഹൻ കുന്നുമ്മലിന്റെയും (47 പന്തിൽ 75) ക്യാപ്റ്റൻ സഞ്ജുവിന്റെയും (16 പന്തിൽ 47) വെടിക്കെട്ട് ബാറ്റിങ്ങും പേസർ എം.ഡി. നിധീഷിന്റെ അഞ്ച് വിക്കറ്റ് പ്രകടനവുമാണ് അനായാസ ജയം സമ്മാനിച്ചത്. നിധീഷാണ് പ്ലെയർ ഓഫ് ദി മാച്ച്. ആദ്യ കളിയിൽ കേരളം അഞ്ച് വിക്കറ്റിന് മധ്യപ്രദേശിനോട് തോറ്റിരുന്നു.
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ കേരളം തുടക്കത്തിൽ ഞെട്ടി. ഓപണർ മുഹമ്മദ് അസ്ഹറുദ്ദീൻ (1) രണ്ടാം ഓവറിൽ പുറത്ത്. ഫോമിലായിരുന്ന രോഹനും അഹ്മദ് ഇമ്രാനും ചേർന്ന് രണ്ടാം വിക്കറ്റിൽ 47 റൺസ് കൂട്ടിച്ചേർത്തു.
13 റൺസെടുത്ത അഹ്മദ് ഇമ്രാൻ വിക്കി ഓസ്വാളിന്റെ പന്തിൽ മടങ്ങി. തുടർന്ന് സംഗമിച്ച സഞ്ജുവും രോഹനും 26 പന്തിൽ 66 റൺസാണ് ചേർത്തത്. പ്രശാന്ത് സോളങ്കിയുടെ ഓവറിൽ തുടരെ രണ്ട് സിക്സും ഒരു ബൗണ്ടറിയും നേടിയ സഞ്ജു, തനയ് സാംഘ്വിക്കെതിരെ ഹാട്രിക് സിക്സർ പറത്തി.