ടി20 ലോകകപ്പ്: ബംഗ്ലാദേശിനെ അട്ടിമറിച്ച് സ്‌കോട്ട്‌ലാന്‍ഡ്‌; ഒമാന് തകർപ്പൻ ജയം

 
 

ഒമാൻ: ടി20 ലോകകപ്പ് ഗ്രൂപ്പ് മത്സരങ്ങൾക്ക് തുടക്കമായി. ആദ്യ കളിയിൽ സഹ ആതിഥേയരായ ഒമാൻ മിന്നുന്ന ജയം നേടിയപ്പോൾ രണ്ടാം മത്സരത്തിൽ ബംഗ്ലാദേശിനെ സ്കോട്ട്ലാൻഡ് അട്ടിമറിച്ചു. പാപ്പുവാ ന്യൂഗിനിയെയാണ് ഒമാൻ 10വിക്കറ്റിന് തകർത്തത്. 

ആദ്യം ബാറ്റുചെയ്ത പാപ്പുവാ ന്യൂഗിനിയുടെ ഓപ്പണർമാർ രണ്ടുപേരും റൺ എടുക്കാതെ പുറത്തായി. മൂന്നാം വിക്കറ്റിൽ ഒത്തുചേർന്ന നായകൻ ആസാദ് വല(56),  ചാൾസ് അമിനി(37) എന്നിവർ ആണ് പൊരുതാവുന്ന സ്കോറിൽ ടീമിനെ എത്തിച്ചത്. എന്നാൽ ഇവർ പുറത്തായ ശേഷം പിന്നെ ആരും കാര്യമായി സ്കോർ ചെയ്തില്ല.നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 129 റൺസ് ആണ് അവർ നേടിയത്. ഒമാന് വേണ്ടി സീഷാൻ മഖ്സൂദ് 4 വിക്കറ്റും ബിലാൽ ഖാൻ, ഖലീമുള്ള എന്നിവർ 2 വിക്കറ്റ് വീതവും വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഒമാൻ ഓപ്പണർമാർ ന്യൂഗിനി ബൗളർമാരമാരെ മൈതാനത്തിൻ്റെ നാലുപാടും പായിച്ചു. 42 പന്തിൽ 73 റൺസ് നേടിയ ജതിന്ദർ സിംഗ്, 43 പന്തിൽ 50 റൺസ് നേടിയ അഖിബ് ഇല്യാസ് എന്നിവർ പതിനാലാം ഓവറിൽ ടീമിനെ വിജയത്തിൽ എത്തിച്ചു. 

രണ്ടാം മത്സരത്തിൽ ടോസ് നഷ്ടമായി സ്കോട്ലാൻഡ് ആദ്യം ബാറ്റിങ്ങിന് ഇറങ്ങി. മെഹ്ദി ഹസ്സനും ഷാഖിബ് അൽ ഹസനും ചേർന്ന് സ്കോട്ട് ബാറ്റിംഗ് നിരയെ പിടിച്ചു കെട്ടി. 45 റൺസ് എടുത്ത ക്രിസ് ഗ്രീവസിന്റെ മികവിൽ ആണ് 140 എന്ന സ്കോറിൽ അവർ എത്തിയത്. മുൻസി 29ഉം, മാർക്ക് വാട്ട് 22ഉം നേടി. മെഹ്ദി ഹസ്സൻ 3ഉം, ഷാഖിബ്, മുസ്തഫിസുർ എന്നിവർ 2 വിക്കറ്റും വീഴ്ത്തി. 

141 എന്ന വിജയലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ ബംഗ്ലാദേശിന്  പവർപ്ലേ ഓവറുകളിൽ തന്നെ ഓപ്പണർമാരെ നഷ്ടമായി. 3 വിക്കറ്റ് വീഴ്ത്തി ബ്രാൻഡ്ലി വീൽ, 2 വിക്കറ്റ് വീഴ്ത്തിയ ക്രിസ് ഗ്രീവിസ് എന്നിവർ ബംഗ്ലാദേശിനെ പിടിച്ചു കെട്ടി. 38 റൺസ് നേടിയ മുഷ്‌ഫിഖുർ റഹിം ആണ് ടോപ്പ് സ്‌കോറർ. നിശ്ചിത20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 134 റൺസ് നേടാൻ മാത്രമാണ് ബംഗ്ലാദേശിന് കഴിഞ്ഞുള്ളൂ. ഗ്രീവിസ് ആണ് മാൻ ഓഫ് ദി മാച്ച്.