പാകിസ്താനെ വിറപ്പിച്ച കളി; നിലപാടാണ് കപ്പിനേക്കാൾ വലുതെന്ന ഇന്ത്യൻ ടീമിന്റെ പ്രഖ്യാപനം; പ്രതീകാത്മക കപ്പുയർത്തൽ; ഏഷ്യാ കപ്പ് കൊടിയിറങ്ങുമ്പോൾ…
ഏഷ്യാകപ്പിന് കൊടിയിറങ്ങുമ്പോഴും പഹൽഗാം ഓർക്കുമ്പോൾ പാകിസ്താനോട് സന്ധിയില്ലെന്ന് തന്നെയാണ് ടീം ഇന്ത്യയുടെ ഉറച്ച നിലപാട്. പാകിസ്താൻ ആഭ്യന്തര മന്ത്രി കൂടിയായ ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ അധ്യക്ഷൻ മൊഹ്‌സിൻ നഖ്‌വിയിൽ നിന്ന് ട്രോഫി വാങ്ങാൻ ടീം ഇന്ത്യ തയ്യാറാകാത്തത് ഏഷ്യാ കപ്പിലെ മറ്റൊരു ചർച്ചാ വിഷയമായി.
നിലപാടിനേക്കാൾ വലുതല്ല കിരീടമെന്നാണ് ടീം ഇന്ത്യയുടെ പ്രഖ്യാപനം. പാകിസ്താന് കൈകൊടുക്കില്ലെന്ന നിലപാടിൽ കിരീട നേട്ടത്തിനിടയിലും ടീം ഇന്ത്യ വെള്ളം ചേർത്തില്ല. പാകിസ്താൻ ആഭ്യന്തര മന്ത്രി കൂടിയായ ഏഷ്യൻ ക്രിക്കറ്റ് കൌൺസിൽ അധ്യഷൻ മൊഹ്‌സിൻ നഖ്‌വിയിൽ നിന്ന് കപ്പ് വാങ്ങാൻ മടിച്ചാണ് ട്രോഫി സെറിമണി ഇന്ത്യൻ ടീം ബഹിഷ്‌കരിച്ചത്.
ഇന്ത്യൻ ടീം ട്രോഫി സ്വീകരിക്കാൻ വിസമ്മതിച്ചതോടെ മൊഹ്‌സിൻ നഖ്വി കപ്പുമായി മുങ്ങി. നഖ്‌വിയിൽ നിന്ന് കപ്പ് വാങ്ങില്ലെന്ന് ഇന്ത്യ നിലപാടെടുത്തതോടെ മറ്റാർക്കും ചുമതല നൽകാതെയാണ് കപ്പുമായി നഖ്‌വി നാടകീയമായി കടന്നുകളഞ്ഞത്. കളിച്ചുനേടിയ അർഹതപ്പെട്ട കപ്പ് ആർക്കും നിഷേധിക്കാനാകില്ലെന്ന സന്ദേശം മുന്നോട്ടുവച്ച് ടീം ഇന്ത്യ പ്രതീകാത്മക കപ്പുയർത്തി. നഖ്വിയുടെ നടപടിയിൽ ഐസിസി യോഗത്തിൽ പ്രതിഷേധം അറിയിക്കുമെന്ന് ബിസിസിഐ വ്യക്തമാക്കി.
പഹൽഗാം ഭീകരാക്രണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ പാകിസ്താനുമായി ക്രിക്കറ്റ് കളിക്കുന്നതിനെതിരെ ഉയർന്നത് വ്യാപക വിമർശനങ്ങളായിരുന്നു. എന്നാൽ കളിച്ചും പാകിസ്താനെ കളി പഠിപ്പിച്ചുമായിരുന്നു ഇന്ത്യയുടെ സ്വീറ്റ് റിവഞ്ച്. ടൂർണമെന്റിനിടെ പാകിസ്താൻ താരങ്ങൾക്ക്ഒരിക്കൽ പോലും കൈ കൊടുക്കാൻ ഇന്ത്യ തയ്യാറായില്ല. സൂപ്പർ ഫോർ മത്സരത്തിനിടെ ഗൺഫയർ സെലിബ്രേഷൻ നടത്തിയും ഇന്ത്യൻ യുദ്ധവിമാനങ്ങൾ വെടിവച്ചിട്ടെന്ന തരത്തിലുള്ള ആംഗ്യം കാണിച്ചും പ്രകോപിക്കാൻ ശ്രമിച്ച പാകിസ്താന് ഫൈനലിൽ കനത്ത മറുപടി തന്നെ ഇന്ത്യ നൽകി.
ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ പാക്കിസ്ഥാൻ തുടരെത്തുടരെ ബൗണ്ടറികൾ പായിച്ചുകൊണ്ട് ഇന്ത്യൻ നിരയെയും, ആരാധകരെയും ഞെട്ടിച്ചു. പാകിസ്ഥാനുവേണ്ടി ഓപണർ സാഹിബ്സാദ ഫർഹാൻ 57 റൺസോടെ അർധസെഞ്ചുറി സ്വന്തമാക്കി. 84 റൺസിൽ എത്തിനിൽക്കേ പത്താം ഓവറിലെ നാലാം ബൗളിൽ സാഹിബ്സാദ ഫർഹാനെ മടക്കി അയച്ചുകൊണ്ട് തുടക്കമിട്ട വിക്കറ്റ് വേട്ടയ്ക്ക് അന്ത്യം കുറിച്ചത് അവസാന ബാറ്ററേയും പുറത്താക്കിക്കൊണ്ടായിരുന്നു. പതിമൂന്നാം ഓവറിൽ സെയ്ം അയൂബ്, പതിനാലാം ഓവറിൽ മുഹമ്മദ് ഹാരിസ്, പതിനഞ്ചാം ഓവറിൽ ഫഖർ സമാൻ, പതിനാറാം ഓവറിൽ ഹുസൈൻ തലാത്ത്, പതിനേഴാം ഓവറിൽ സൽമാൻ അലി ആഗ, ഷഹീൻ ഷാ അഫ്രീദി, ഫഹീം അഷ്റഫ്, പതിനെട്ടാം ഓവറിൽ ഹാരിസ് റൗഫ്, ഇരുപതാം ഓവറിൽ മുഹമ്മദ് നവാസ് എന്നിങ്ങനെ പാക് പടയെ എറിഞ്ഞു വീഴ്ത്തി. പാക് നിരയെ തകർക്കുന്നതിൽ ഇന്ത്യയുടെ സ്പിന്നർ കുൽദീപ് യാദവ് നിർണായക പങ്കുവഹിച്ചു. പാക് ക്യാപ്റ്റൻ സൽമാൻ അലി ആഗയുടെ അടക്കം നാല് വിക്കറ്റുകളാണ് കുൽദീപ് നേടിയത്. വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ട വരുൺ ചക്രവർത്തി, അക്സർ പട്ടേൽ, ജസ്പ്രീത് ബുംറ എന്നിവർ രണ്ട് വിക്കറ്റുകൾ വീതവും വീഴ്ത്തിയിരുന്നു.
മറുപടി ബാറ്റിങ്ങിനായി കളത്തിലിറങ്ങിയ ഇന്ത്യയെ തുടക്കത്തിൽ തന്നെ പാക് ഒന്ന് വിറപ്പിച്ചു. രണ്ടാം ഓവറിലെ ആദ്യ പന്തിൽ തന്നെ ഓപണർ അഭിഷേക് ശർമയെ പാക് ബൗളർ ഫഹീം അഷ്റഫ് പുറത്താക്കി. തൊട്ടടുത്ത ഓവറിൽ ക്യാപ്റ്റൻ സൂര്യകുമാർ യാദവിനെ പാക് ക്യാപ്റ്റൻ ആഗ ക്യാച്ചിലൂടെ മടക്കി അയച്ചു. മത്സരത്തിലേക്കുള്ള തിരിച്ചുവരവ് ആഗ്രഹിച്ച ഇന്ത്യയ്ക്ക് തിരിച്ചടിയായി ഫഹീം അഷ്റഫിന്റെ പന്ത് ഉയർത്തിയടിച്ച ശുഭ്മാൻ ഗില്ലിനെ ഹാരിസ് റൗഫ് കൈപ്പിടിയിൽ ഒതുക്കി. ആവേശത്തിന്റെ കൊടുമുടിയിൽ കയറ്റിയ മത്സരത്തിൽ ഒൻപതാം ഓവറിൽ അബ്രാർ അഹമ്മദിന്റെ പന്ത് സഞ്ജു ഉയർത്തിയടിക്കുന്നു. വിക്കറ്റെന്ന് ഉറപ്പിച്ച് പാക് ആരാധകർ ആഹ്ലാദിച്ചപ്പോൾ ഹുസൈൻ തലാത്തിന്റെ കയ്യിൽ നിന്നും പന്ത് മൈതാനത്തേക്ക്. രണ്ടാമൂഴം ലഭിച്ച സഞ്ജുവിന് പതിമൂന്നാം ഓവറിൽ അതെ അബ്രാറിന്റെ മുന്നിൽ പിഴച്ചു. ഉയർത്തിയടിച്ച പന്ത് നേരെ സാഹിബ്സാദ ഫർഹാന്റെ കൈകളിലേക്ക്. പിന്നീട് കണ്ടത് പ്രതീക്ഷയുടെ പൊൻവെളിച്ചമായിരുന്നു. തിലക് – ദുബെ കൂട്ടുകെട്ട് പ്രതീക്ഷ നൽകി. പതിനാറാം ഓവറിൽ തിലക് വർമ്മ 41 പന്തിൽ നിന്ന് അർധസെഞ്ചുറി നേട്ടത്തോടെ തിളങ്ങി. ആവേശത്തിന്റെ കൊടുമുടിൽ നിൽക്കെ ഇന്ത്യയ്ക്ക് തിരിച്ചടിയായി ദുബെ പുറത്ത്. ഏറ്റവുമൊടുവിൽ തിലക് വര്മയുടെയും റിങ്കു സിംഗിന്റെയും കൂട്ടുകെട്ടിൽ കിരീടത്തിൽ മുത്തമിട്ട് ഇന്ത്യ. പാക് ബൗളിംഗ് നിരയിൽ ഫഹീം അഷ്റഫ് രണ്ട് വൈകിട്ടോടെ തിളങ്ങി. ഷഹീൻ ഷാ അഫ്രീദി, അബ്രാർ അഹമ്മദ് എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.