എറിഞ്ഞി‌ട്ടു, അടിച്ചെടുത്തു; രാജസ്ഥാനെ തോൽപ്പിച്ച് പ്ലേ ഓഫ് സാധ്യത നിലനിർത്തി മുംബൈ

 

ആദ്യം ബൗളർമാർ, പിന്നാലെ ബാറ്റർമാർ. രാജസ്ഥാന് ഒന്നു പൊരുതാൻ പോലും അവസരം നൽകാതെ മുബൈ അവരുടെ കഥ കഴിച്ചു. 91 റൺസ് എന്ന വിജയലക്ഷ്യം ഒമ്പതാം ഓവറിൽ മറികടന്ന പ്ലേ ഓഫ് സാധ്യതയും അവർ നിലനിർത്തി. 

ടോസ് നേടിയ മുംബൈ ബൗളിം​ഗ് തെരഞ്ഞെടുത്തു. 12 റൺസെ‌‌ടുത്ത യശസ്വി ജയ്സ്വാളിനെ പുറത്താക്കി കോൾട്ടർ നേൽ പണി തുടങ്ങി. പിന്നാലെ 24 റൺസെ‌ടുത്ത ലൂയിസിനെ ബുംമ്രയും 3 റൺസെടുത്ത നായകൻ സഞ്ജു സാംസണെ ജിമ്മി നീഷാം പുറത്താക്കി. പിന്നീട് വിക്കറ്റുകൾ തുടരെ വീണു. നാല് വിക്കറ്റ് വീഴ്ത്തിയ കോൾട്ടർ  നേൽ, മൂന്ന് വിക്കറ്റ് വീഴ്ത്തിയ നീഷാം, രണ്ട് വിക്കറ്റ് വീഴ്ത്തിയ ബുംമ്ര എന്നിവർ ചേർന്ന് 20 ഓവറിൽ 9 വിക്കറ്റിന് 90 എന്ന നിലയിലേക്ക് രാജസ്ഥാനെ തളച്ചു. 

മറുപടി ബാറ്റിം​ഗിനിറങ്ങിയ മുംബൈക്ക് വേണ്ടി ഓപ്പണർ ഇഷാൻ കിഷൻ തകർത്തടിച്ചു. സ്കോർ 23ൽ നിൽക്കെ 22 റൺസെടുത്ത് രോഹിത് ശർമ്മ പുറത്തായെങ്കിലും 25 പന്തിൽ 50 റൺസെടുത്ത ഇഷാൻ ടീമിനെ വിജയത്തിലെത്തിച്ചു. 8.2 ഓവറിൽ 2 വിക്കറ്റ് നഷ്‌ടത്തിൽ ടീം ലക്ഷ്യം കണ്ടു. മുംബൈയുടെ നെറ്റ് റൺറേറ്റ് കൂടാനും ഈ വിജയം സഹായിച്ചു.