ഐ.ഒ.എ തെരഞ്ഞെടുപ്പിൽ ഗുരുതര ക്രമക്കേടെന്ന് ഉഷ; അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിക്ക് കത്തയച്ചു
ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഗുരുതരമായ ക്രമക്കേടുകൾ നടന്നതായി ആരോപിച്ച് പ്രസിഡന്റ് പി.ടി. ഉഷ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിക്ക് കത്തയച്ചു. തെരഞ്ഞെടുപ്പിലെ കാര്യങ്ങളെക്കുറിച്ച് സ്വതന്ത്ര അന്വേഷണം വേണമെന്നും 2036 ഒളിമ്പിക്സിന് വേദിയാകാനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ വിവാദങ്ങൾ ബാധിക്കുമെന്നും അവർ വ്യക്തമാക്കി. നവംബർ ഒമ്പതിന് ഐ.ഒ.സി പ്രസിഡന്റ് കിർസ്റ്റി കോവെൻട്രിക്ക് അയച്ച മൂന്ന് പേജുള്ള രഹസ്യ കത്തിലാണ് ഉഷ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചത്. വിഷയം ഐ.ഒ.സിയുടെ എത്തിക്സ് കമീഷൻ അന്വേഷിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
‘സ്പോർട്സ് പേഴ്സൻസ് ഓഫ് ഔട്ട്സ്റ്റാൻഡിങ് മെറിറ്റ്’ തെരഞ്ഞെടുപ്പിൽ നിലവിലെ എക്സിക്യൂട്ടിവ് കൗൺസിൽ അംഗങ്ങളായ ദോള ബാനർജി, യോഗേശ്വർ ദത്ത് എന്നിവരുടെ പേരിൽ വാട്സ്ആപ് വഴി പ്രചാരണം നടന്നതായി കത്തിൽ പറയുന്നു. രഹസ്യ ബാലറ്റ് ആയിരുന്നിട്ടും വോട്ട് ചെയ്തതിന്റെ തെളിവ് നൽകാൻ വോട്ടർമാരോട് ആവശ്യപ്പെട്ടതായും കേന്ദ്ര കായിക മന്ത്രാലയത്തിന്റെ പേര് ഇതിനായി ഉപയോഗിച്ചതായും ഉഷ ആരോപിച്ചു. തെരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്ന വരണാധികാരി സഞ്ജയ് കെ. ശ്രീവാസ്തവക്ക് നാലുതവണ രേഖാമൂലം പരാതി നൽകിയിട്ടും ഒരു മറുപടി പോലും ലഭിച്ചില്ലെന്ന് കത്തിൽ പറയുന്നു.