കെ.സിക്കൊപ്പം മാധ്യമങ്ങളെ കണ്ട് വി.ഡി

കെ.സിയുടെ തിരുവനന്തപുരത്തെ വീട്ടിലായിരുന്നു കൂടിക്കാഴ്ച
 

കാൽ മണിക്കൂർ ഇരുന്നാൽ തീരാത്ത ഒരു പ്രശ്നവും തങ്ങൾ തമ്മിൽ ഇല്ലെന്നും ആർക്കും വാശിയില്ലെന്നും വി.ഡി സതീശൻ. തങ്ങളെ അത്ര മോശക്കാരായി കാണരുതെന്നും അദ്ദേഹം അഭ്യർഥിച്ചു. മുഖ്യമന്ത്രി പ്രഖ്യാപനത്തിന് ശേഷം നിയുക്ത മുഖ്യമന്ത്രിയും മുഖ്യമന്ത്രി സ്ഥാനത്തുനിന്നു പിൻവാങ്ങേണ്ടിവന്ന കെ.സി വേണുഗോപാലും തമ്മിൽ നടത്തിയ ആദ്യ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു ഇരുവരും. കെ.സിയുടെ തിരുവനന്തപുരത്തെ വീട്ടിലായിരുന്നു കൂടിക്കാഴ്ച. മുഖ്യമന്ത്രി സ്ഥാനത്തേക്ക് നടന്ന വാശിയേറിയ മത്സരത്തിനൊടുവിൽ മഞ്ഞുരുകലിന്റെ എല്ലാ സൂചനകളും നൽകുന്നതായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച.

'നിങ്ങൾ ഉദ്ദേശിക്കുന്നത് പോലെ ഒരു വിഷയത്തിലും തർക്കം ഇല്ല. 15 മിനിറ്റ് ഇരുന്നാൽ തീരാത്ത ഒരു വിഷയവും ഞങ്ങൾക്കിടയിൽ ഇല്ല. ആർക്കെങ്കിലും വേണ്ടിയോ ആരെയെങ്കിലും വെക്കരുതെന്ന് വാശിപിടിക്കുകയോ ചെയ്യുന്ന ആളുകളല്ല. ദയവു ചെയ്ത് നിങ്ങൾ ഞങ്ങളെ അത്ര മോശമായിട്ട് കാണല്ലേ. അതാണ് എന്റെ അഭ്യർഥന. വരുന്ന തിങ്കളാഴ്ച മുഖ്യമന്ത്രിയും 20 മന്ത്രിമാരും ഒരുമിച്ച് സത്യപ്രതിജ്ഞ ചെയ്യുമെന്ന് നിങ്ങൾ ആരെങ്കിലും വിചാരിച്ചിരുന്നോ. എത്ര വേഗത്തിലാണ് യു.ഡി.എഫിൽ ചർച്ചകൾ നടക്കുന്നത്. നാളെ ഉച്ച കഴിയുമ്പോൾ ഗവർണർക്ക് മന്ത്രിമാരുടെ ലിസ്റ്റ് സമർപ്പിക്കും. സി.പി.എമ്മിന് പോലും കേരളത്തിൽ ഇങ്ങനെ സാധിച്ചിട്ടില്ല. ഇനി അതിൽ നിന്നൊക്കെ ചർച്ച മാറ്റൂ. ചർച്ചയുടെ ഫോക്കസ് മാറ്റൂ. കേരളത്തെക്കുറിച്ച് ചർച്ച ചെയ്യൂ' സതീശൻ പറഞ്ഞു.