രോഹിത് ശർമയുമായി വാക്ക് തർക്കം; വാർണർക്ക് പിഴ
മെൽബൺ: ഇന്ത്യക്കെതിരായ ഏകദിനത്തിനിടെ രോഹിത് ശർമയുമായി വാക്ക് തർക്കത്തിലേർപ്പെട്ട ഓസ്ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണർക്ക് ഐസിസിയുടെ പിഴ ശിക്ഷ. മാച്ച് ഫീയുടെ പകുതി തുകയാകും പിഴയായി ഈടാക്കുക. ക്രിക്കറ്റിന്റെ മാന്യതയ്ക്ക് വിരുദ്ധമായി പെരുമാറിയതിനാണ് പിഴ.
ഓവർത്രോയിൽ രോഹിത് ശർമ്മ സിംഗിൾ ഓടിയതാണ് തർക്കത്തിനിടയാക്കിയത്. ക്രീസിലുണ്ടായിരുന്ന രോഹിത് മിഡ്ഓഫിലേക്ക് പായിച്ച പന്ത് ഫീൽഡ് ചെയ്ത വാർണർ സ്റ്റംപിലേക്ക് എറിഞ്ഞു. എന്നാൽ സ്റ്റംപിൽ തട്ടാതെ പോയ പന്ത് ബ്രാഡ് ഹഡിന് പിടിയിലാക്കാനുമായില്ല. തുടർന്നാണ് രോഹിത് ഓവർ ത്രോയിൽ സിംഗിളെടുത്തത്. എന്നാൽ താനെറിഞ്ഞ പന്ത് രോഹിതിന്റെ ശരീരത്തിൽ തൊട്ട് പിന്നോട്ടു പോയതെന്നാണ് വാർണർ കരുതിയത്. തുടർന്നാണ് സിംഗിൾ എടുത്തതിന്റെ പേരിൽ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായത്. രോഹിത് ശർമയുടെ നിലപാടാണ് ശരിയെന്നും റൺ എടുക്കാൻ ഇന്ത്യക്ക് അർഹതയുണ്ടെന്നും ഐ.സി.സി നിരീക്ഷിച്ചു.
എന്നാൽ താൻ പ്രകോപനപരമായി ഒന്നും രോഹിത്തിനോട് സംസാരിച്ചിട്ടില്ലെന്നും ഇംഗ്ലീഷിൽ സംസാരിക്കാൻ മാത്രമാണ് താൻ ആവശ്യപ്പെട്ടതെന്നും വാർണർ പറഞ്ഞു.