മുഖ്യമന്ത്രി ഹെലികോപ്ടറിൽ പോയത് പുറത്തുപറയാനാകാത്ത ഏത് ഡീലിന്? ; എംവി ​ഗോവിന്ദൻ

കളവ് പറയാതെ സമാധാനം കിട്ടാത്തയാളാണ് സതീശൻ
 

പുറത്തുപറയാൻ കഴിയാത്ത ഏത് ഡീലിന്റെ ഭാഗമായാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ ഹെലിക്കോപ്ടറിൽ പോയതെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഭാര്യാപിതാവിനെ കാണാനാണ് ഹെലിക്കോപ്ടറിൽ പോയത്. നിക്ഷേപകനെ കാണാനാണ് പോയതെന്ന് പറയുന്നത് കള്ളമാണ്. ഒരു കളവെങ്കിലും പറയാതെ സമാധാനം കിട്ടാത്തയാളാണ് കേരളത്തിന്റെ മുഖ്യമന്ത്രി. ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് പകരം അദ്ദേഹം വിരുന്നിലും സ്വർണക്കട ഉദ്ഘാടനത്തിലുമായിരുന്നുവെന്നും എം.വി. ഗോവിന്ദൻ വിമർശിച്ചു.

മുൻ സർക്കാർ ഹെലിക്കോപ്ടർ വാടകയ്‌ക്കെടുത്തപ്പോൾ ഇല്ലാക്കഥകൾ മെനഞ്ഞവർ ഇപ്പോൾ സ്വന്തം ആവശ്യങ്ങൾക്കായി അതുപയോഗിക്കുന്നു. കഴിഞ്ഞ സർക്കാർ ജനങ്ങളുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാനാണ് ഹെലിക്കോപ്ടറുപയോഗിച്ചത്. ഇന്ന് സ്വകാര്യ ആവശ്യത്തിനാണ് ഇത് ഉപയോഗിക്കുന്നത്. നേരത്തേ ബി.ജെ.പി. നേതാക്കളേയും മറ്റും കാണാൻ ചാർട്ടേഡ് വിമാനം ഉപയോഗിച്ചെന്ന ആരോപണവും ഗോവിന്ദൻ ആവർത്തിച്ചു.