കോഹ‍്‍ലി ടെസ്റ്റ് നായകസ്ഥാനത്തു നിന്നും പടിയിറങ്ങുമ്പോൾ

 

വിരാട് കോഹ്‍ലി കണക്കുകൾ വച്ചു നോക്കിയാൽ ഇന്ത്യയുടെ ടെസ്റ്റിലെ ഏറ്റവും മികച്ച നായകനാണ്. കണക്കുകൾ മാത്രമല്ല യാഥാർത്ഥ്യവും അങ്ങിനെതന്നെയാണ്. ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയിലെ പരാജയത്തിന് ശേഷം നായകസ്ഥാനം ഒഴിയുന്നതായി ഇൻസ്റ്റ പോസ്റ്റിലൂടെയാണ് കോഹ്‍ലി അറിയിച്ചത്. ഇത് ആരാധകരെ കുറച്ചൊന്നുമല്ല ഞെട്ടിച്ചത്. ടീമിനകത്തെ പടലപിണക്കങ്ങളാണോ ഈ തീരുമാനത്തിന് പിന്നിലെന്നാണ് ക്രിക്കറ്റ് ലോകത്തെ ചർച്ച.

ബാറ്റ്സ്മാൻ എന്ന നിലയിൽ കോഹ്‍ലി അത്ര മികച്ച ഫോമിലല്ല. ഐപിഎല്ലിലും അതിനുശേഷം ടി20 ലോകകപ്പിലും പിന്നീട് നടന്ന പരമ്പരകളിലൊന്നും കോഹ്‍ലിയുടേതായ മാസ്മരിക പ്രകടനം നമ്മൾ കണ്ടിട്ടില്ല. ടെസ്റ്റിൽ മൂന്നക്കം കടന്നിട്ടും കാലമേറെയായി. എന്നാൽ ഇതൊന്നും വച്ചല്ല കോഹ്‍ലി എന്ന ഇതിഹാസ താരത്തെ വിലയിരുത്തേണ്ടത്.  കരിയറിൽ ഉയർച്ചയും താഴ്ച്ചയും സ്വഭാവികമാണ്. കോഹ്‍ലി ഇപ്പോൾ കടന്നു പോകുന്നത് അദേഹത്തിന്റെ മോശം കാലത്തിലൂടെയാണ്. എന്നാൽ ഇന്ത്യൻ ക്രിക്കറ്റിന് ഇത്രയേറെ സംഭാവന നൽകിയ ഒരു താരത്തിന്റെ കൂടെ എല്ലാവരും നിൽക്കേണ്ട സമയാണ് ഇത്. ബിസിസിഐയും ടീം മാനേജ്മെന്റും കോഹ്‍ലിക്കൊപ്പം നിൽക്കുമെന്ന് പ്രതീക്ഷിക്കാം.

നായക സ്ഥാനം കോഹ്‍ലിക്ക് സച്ചിനെപ്പോലെ ഭാരമായിരുന്നില്ല. ബാറ്റർ, നായകൻ എന്നീ രണ്ടു റോളുകളും ഒരു പോലെ ആസ്വദിച്ച വ്യക്തിയാണ് കോഹ്‍ലി.  58.82-ാണ് ടെസ്റ്റിൽ കോലിയുടെ വിജയ ശതമാനം. മൊത്തത്തിൽ 68 ടെസ്റ്റുകളിൽ കോലി ഇന്ത്യയെ നയിച്ചു. 40 മത്സങ്ങൾ ജയിച്ചു. ധോണി നയിച്ച 60 ടെസ്റ്റുകളിൽ 27 മാത്രമാണ് ജയിച്ചത്. ഗാംഗുലി 49 ടെസ്റ്റുകളിൽ ജയിച്ചപ്പോൾ 21 മത്സരം ജയിച്ചു. ഇന്ത്യയെ ഏറ്റവും കൂടുതൽ ടെസ്റ്റ് വിജയങ്ങളിലേക്ക് നയിച്ചതും കോലിയാണ്. ഈ സമയത്ത് അദേഹത്തിന്റെ ബാറ്റിം​ഗ് പ്രകടനവും മോശമായിരുന്നില്ല എന്ന് എടുത്തു പറയേണ്ടതാണ്. ഏഴ് ഇരട്ട സെഞ്ചുറികളാണ് ഇക്കാലയളവിൽ പിറന്നത്. ക്യാപ്റ്റനായിരിക്കെ ഏറ്റവും കൂടുതൽ സെഞ്ചുറി (20) നേടിയ ഇന്ത്യൻ താരവും കോലി തന്നെ. 

നിലവിലെ ഇന്ത്യൻ ക്രിക്കറ്റിന് കോഹ്‍ലി അവിഭാജ്യ ഘടകം തന്നെയാണ്. മൂപ്പിളമ തർക്കം പരിഹരിച്ച് ബിസിസിഐയും ​ഗാം​ഗുലിയും ദ്രാവിഡുമെല്ലാം കാര്യങ്ങൾ രമ്യമായി പരിഹരിച്ചു കൊണ്ടുപോകുമെന്ന് പ്രതീക്ഷിക്കാം.