യുസ്‌വേന്ദ്ര ചഹൽ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു
ഇന്ത്യൻ വെറ്ററൻ ലെഗ് സ്പിന്നർ യുസ്‌വേന്ദ്ര ചഹൽ ഫസ്റ്റ് ക്ലാസ് (റെഡ് ബാൾ) ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. നീണ്ട 17 വർഷത്തെ ഫസ്റ്റ് ക്ലാസ് കരിയറിനൊടുവിലാണ് ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യക്കായി കളിക്കുകയെന്ന ദീർഘകാല സ്വപ്നത്തിന് വിടപറഞ്ഞ് താരം പടിയിറങ്ങുന്നത്. എന്നാൽ ഏകദിന, ട്വന്റി-20 ഫോർമാറ്റുകളിൽ തുടർന്നും സജീവമായി കളിക്കളത്തിലുണ്ടാകുമെന്നും ദേശീയ ടീമിലേക്ക് മടങ്ങിയെത്താനുള്ള പരിശ്രമങ്ങൾ തുടരുമെന്നും വെള്ളിയാഴ്ച ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വികാരനിർഭരമായ കുറിപ്പിലൂടെ ചഹൽ വ്യക്തമാക്കി.
ഇന്ത്യക്കായി 72 ഏകദിനങ്ങളിലും 80 ട്വന്റി-20 മത്സരങ്ങളിലും ജഴ്സിയണിഞ്ഞിട്ടുള്ള ചഹലിന് ആഭ്യന്തര-കൗണ്ടി തലങ്ങളിൽ മികച്ച റെക്കോർഡ് ഉണ്ടായിട്ടും ഒരു അന്താരാഷ്ട്ര ടെസ്റ്റ് മത്സരത്തിൽ പോലും കളിക്കാൻ അവസരം ലഭിച്ചിരുന്നില്ല. 2023 ഓഗസ്റ്റിൽ വെസ്റ്റ് ഇൻഡീസിനെതിരായ ട്വന്റി-20 മത്സരത്തിലാണ് അദ്ദേഹം അവസാനമായി ഇന്ത്യൻ കുപ്പായത്തിൽ കളിച്ചത്. ഇംഗ്ലീഷ് കൗണ്ടി ചാമ്പ്യൻഷിപ്പിൽ നോർത്താംപ്ടൺഷെയറിനായി ലോർഡ്‌സിൽ മിഡിൽസെക്സിനെതിരെ കളിച്ച മത്സരമാണ് തന്റെ അവസാന ഫസ്റ്റ് ക്ലാസ് പോരാട്ടമെന്ന് താരം സ്ഥിരീകരിച്ചു.