ഫേസ്ബുക്കിൽ ഡിസ്‌ലൈക്ക് ബട്ടൺ വരുന്നു
ഫേസ്ബുക്കിൽ ഇഷ്ടമുള്ള പോസ്ററുകൾ മാത്രമല്ല, പലപ്പോഴും ഇഷ്ടമില്ലാത്ത പോസ്റ്റുകളും വരാറുണ്ട്. ഇഷ്ടമില്ലാത്ത പോസ്റ്റുകളെ അത്തരത്തിൽ രേഖപ്പെടുത്താനായി ‘ഡിസ്ലൈക്ക്’അവതരിപ്പിക്കുന്ന കാര്യം ആലോചനയിലാണെന്ന് കമ്പനി മേധാവി മാർക് സക്കർബർഗ് പറഞ്ഞു.
പലപ്പോഴും ആളുകൾ ഫെയ്‌സ്ബുക്കിൽ അവരുടെ സങ്കടകരമായ ജീവിത മുഹൂർത്തങ്ങൾ പങ്കിടാറുണ്ട്. അത്തരം അവസരങ്ങളിൽ പോസ്റ്റുകൾ ‘ലൈക്ക്’ ചെയ്യുന്നത് സുഖകരമായ ഒരു സംഗതിയല്ല. ഫേസ്ബുക്ക് പോസ്റ്റുകളിൽ ‘ഇഷ്ടം’ മാത്രമല്ല ‘അനിഷ്ടം’ രേഖപ്പെടുത്താനും അവസരം വേണമെന്ന ഉപയോക്താക്കളുടെ ആവശ്യം കണക്കിലെടുത്താണ് ഇത്തരത്തിൽ ഒരു ചിന്ത ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റുകളിൽ ദിവസവും 400 കോടി ലൈക്കുകൾ ലഭിക്കുന്നുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ലൈക്കുകൾക്കൊപ്പം ഡിസ്‌ലൈക്കുകളും ഉണ്ടെങ്കിൽ മാത്രമേ പോസ്റ്റുകളെ സംബന്ധിച്ച് ശരിയായ വിലയിരുത്തലുകൾ സാധ്യമാകൂ. ഡിസ് ലൈക്ക് ബട്ടൺ ഉടൻ യാഥാർത്ഥ്യമാകുമെന്നാണ് ഫേസ്ബുക്ക് പ്രേമികൾ പ്രതീക്ഷിക്കുന്നത്.