അമേരിക്കയിൽ ഗുജറാത്തി വൃദ്ധനെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്; പോലീസുകാരൻ അറസ്റ്റിൽ

അമേരിക്കയിൽ അമ്പത്തിയെട്ട് വയസ്സുള്ള ഇന്ത്യക്കാരനെ പോലീസ് മർദ്ദിച്ച് അവശനാക്കിയ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. സംഭവത്തെ തുടർന്ന് പോലീസുകാരനെ അറസ്റ്റ് ചെയ്തു. അമേരിക്കൻ പൗരനായ എറിക് പാർക്കറെ ഇന്നലെയാണ് അറസ്റ്റ് ചെയ്തത്. പോലീസുകാരനെതിരേ വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് അറസ്റ്റിന് ശേഷം മാഡിസൺ പോലീസ് മേധാവി ലാരി മൂൻസി പറഞ്ഞു.
 


ന്യൂയോർക്ക്: അമേരിക്കയിൽ അമ്പത്തിയെട്ട് വയസ്സുള്ള ഇന്ത്യക്കാരനെ പോലീസ് മർദ്ദിച്ച് അവശനാക്കിയ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. സംഭവത്തെ തുടർന്ന് പോലീസുകാരനെ അറസ്റ്റ് ചെയ്തു. അമേരിക്കൻ പൗരനായ എറിക് പാർക്കറെ ഇന്നലെയാണ് അറസ്റ്റ് ചെയ്തത്. പോലീസുകാരനെതിരേ വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് അറസ്റ്റിന് ശേഷം മാഡിസൺ പോലീസ് മേധാവി ലാരി മൂൻസി പറഞ്ഞു.

മകനും മരുമകൾക്കും കൊച്ചുമകനുമൊപ്പം കുറച്ചു ദിവസം കഴിയാൻ അമേരിക്കയിലെത്തിയ ഗുജറാത്തി കർഷകൻ സുരേഷ് ഭായ് പട്ടേലിനാണ് കഴിഞ്ഞ മർദ്ദനമേറ്റത്. മർദ്ദിക്കുന്നതിന്റെ മൂന്നര മിനിട്ടോളം വരുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ശരീരം തളർന്ന സുരേഷ് ഭായ് പട്ടേൽ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ വിദേശകാര്യ മന്ത്രാലയം പ്രതിഷേധം അറിയിച്ചിരുന്നു.


കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. മകനും മരുമകൾക്കുമൊപ്പം അവധിക്കാലം ചെലവഴിക്കാൻ അമേരിക്കയിൽ എത്തിയതായിരുന്നു കർഷകനായ സുരേഷ് ഭായ്. വീട്ടിൽ തനിച്ചിരുന്ന് മടുത്തതോടെ സുരേഷ് ഭായ് പ്രഭാത സവാരി പതിവാക്കി. ഇദ്ദേഹത്തിന്റെ നടത്തത്തിൽ സംശയം തോന്നിയ ഒരു പ്രദേശവാസി പോലീസിൽ വിവരമറിയിച്ചു. ഉടൻ തന്നെ പോലീസ് സ്ഥലത്തെത്തുകയും പട്ടേലിനെ ചോദ്യം ചെയ്യുകയും ചെയ്തു. ഗുജറാത്തിയല്ലാതെ മറ്റ് ഭാഷകൾ ഒന്നും അറിയാത്ത അദ്ദേഹത്തിന് പോലീസിന്റെ ചോദ്യങ്ങൾക്ക് മറുപടി നൽകാൻ കഴിഞ്ഞില്ല. സംശയം തോന്നിയ പോലീസ് സുരേഷിനെ മർദ്ദിക്കുകയായിരുന്നു. സുരേഷ് ഭായ് പട്ടേലിന്റെ നാഡീ ഞരമ്പുകൾ തകർന്ന അവസ്ഥയിലാണെന്ന് മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നു. ഏറെ ചെലവ് വരുന്ന ശസ്ത്രക്രിയകൾ നടത്തിയാൽ മാത്രമേ ഇദ്ദേഹത്തിന് ജീവിതത്തിലേക്ക് മടങ്ങിവരാൻ സാധിക്കൂ.

(ആപ്പിൽ വായിക്കുന്നവർക്ക് വീഡിയോ ഗാലറിയിൽ നിന്ന് ദൃശ്യങ്ങൾ കാണാം.)