അമല ഗായികയാവുന്നു
തെലുങ്ക് സൂപ്പർ താരം നാഗർജുനയുടെ ഭാര്യയായ അമല ഗായികയാവുന്നു. എന്റെ സൂര്യപുത്രിക്ക്, ഉള്ളടക്കം എന്നീ ചിത്രങ്ങളിലൂടെ മലയാളിക്ക് സുപരിചിതയായ അമല മൊഹിത് സൂരി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഹമാരി അധൂരി കഹാനിയിലാണ് ഗാനമാലപിക്കുന്നത്. ചിത്രത്തിന്റെ ടൈറ്റിൽ ഗാനം പാടുക മാത്രമല്ല ഒരു പ്രധാന വേഷവും അമല കൈകാര്യം ചെയ്യുന്നുണ്ടെന്നാണ് ചിത്രത്തോട് അടുത്ത വൃത്തങ്ങൾ പുറത്തുവിട്ട വിവരങ്ങൾ.
ഇംമ്രാൻ ഹാഷ്മി, വിദ്യാ ബാലൻ, രാജ്കുമാർ റാവു എന്നിവരുടെ ത്രികോണ പ്രണയത്തിന്റെ കഥ പറയുന്ന ചിത്രം രണ്ട് കാലഘട്ടങ്ങളുടെ കഥയാണ് പറയുന്നത്. ഏക് വില്ലന് ശേഷം മോഹിത് സൂരി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും തയ്യാറാക്കിയിരിക്കുന്നത് മഹേഷ് ഭട്ടാണ്. ഇംമ്രാൻ ഹാഷ്മിയേയും, വിദ്യാ ബാലനേയും, രാജ് കുമാറിനേയും കൂടാതെ സാറാ ഖാനും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. വിശേഷ് ഫിലിംസിന്റെ ബാനറിൽ മഹേഷ് ഭട്ട് നിർമ്മിക്കുന്ന ചിത്രം ജൂണിൽ പുറത്തിറങ്ങും.