ബാഹുബലി; ബ്രഹ്മാണ്ഡ ചിത്രത്തിന്റെ പിന്നാമ്പുറക്കഥകള്‍; ലൊക്കേഷന്‍ കാഴ്ചകള്‍
ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മുതല്‍ മുടക്കുള്ള ചിത്രം ബോക്സോഫീസില്‍ ചരിത്രം സൃഷ്ടിച്ചുകൊണ്ട് പ്രദര്‍ശനം തുടരുകയാണ്. ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ ഇത്രയധികം ഗൃഹപാഠം ചെയ്ത് സൃഷ്ടിച്ച മറ്റൊരു ചിത്രമില്ലെന്നാണ് അണിയറക്കാരുടെ അവകാശ വാദം. തിരക്കഥ എഴുതിയതിന് ശേഷം ഒരു വര്‍ഷമാണ് ചിത്രത്തിന്റെ മറ്റു പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ക്കായി നീക്കി വച്ചത്.
ചിത്രത്തിലെ കൊട്ടാരത്തിനായി മാത്രം 15000 സ്കെച്ചുകളാണ് തയ്യാറാക്കിയത്. 17 വി.എഫ്.എക്സ് സ്റ്റുഡിയോകളിലായി 800ല്‍ അധികം ടെക്നീഷ്യന്മാരാണ് ബാഹുബലിക്കായി ജോലി ചെയ്തത്. വിഷ്വല്‍ എഫക്ട്സിന് മാത്രം 85 കോടി രൂപ ചെലവായി. ബാഹുബലിക്കും ജുറാസിക് വേള്‍ഡിനും വി.എഫ്.എക്സ് ഒരുക്കിയത് ഒരു ടീമാണെന്നുള്ളതും ബാഹുബലിയുടെ സവിശേഷതയാണ്.
തൃശൂരിലെ അതിരപ്പിള്ളി വെള്ളച്ചാട്ടം, കുര്‍നൂല്‍ റോക്ക് ഗാര്ഡന്, ഹൈദരാബദ് രാമോജി ഫിലിം സിറ്റി, ബള്‍ഗേറിയ എന്നിവിടങ്ങളായിരുന്നു പ്രധാന ലൊക്കേഷന്‍. കുര്‍ണൂലില്‍ മുപ്പതിനായിരത്തോളംപേര്‍ ഷൂട്ടിങ് കാണാനെത്തിയതുകൊണ്ടുതന്നെ രണ്ടുദിവസം സിനിമാചിത്രീകരണം നിര്‍ത്തിവയ്ക്കേണ്ടിവന്നു. പ്രഭാസിന് ചിത്രീകരണത്തിനിടെ ചുമലില്‍ പരിക്കേറ്റത് സിനിമ നിന്നുപോകുമെന്ന ആശങ്ക ഉയര്‍ത്തി. എന്നാല്‍ അതൊക്കെ പരിഹരിച്ച് പ്രഭാസ് ഊര്‍ജ്ജസ്വലനായി തിരിച്ചെത്തുകയായിരുന്നു.
100 കോടി ബജറ്റില്‍ ആസൂത്രണം ചെയ്ത ചിത്രം, ചിത്രീകരണ ചെലവ് കൂടിയതോടെ 150 കോടി ബജറ്റിലേക്ക് ഉയരുകയായിരുന്നു. ഉന്നതമായ ഡിജിറ്റല്‍ സാങ്കേതികത വേണ്ടിവന്നപ്പോള്‍ ചെലവ് വീണ്ടും ഉയര്‍ന്ന് 195 കോടിയില്‍ എത്തി. അങ്ങനെ രണ്ടുവര്‍ഷത്തെ പരിശ്രമത്തിലൂടെ എല്ലാ പ്രതിബന്ധങ്ങളും തരണം ചെയ്ത് സിനിമ റിലീസിങ്ങിനായി ഒരുക്കിയപ്പോള്‍ സിനിമയ്ക്ക് അഞ്ചര മണിക്കൂര്‍ ദൈര്‍ഘ്യം. അങ്ങനെയാണ് സിനിമ രണ്ട് ഭാഗമായി റിലീസ് ചെയ്യാന്‍ തീരുമാനിച്ചത്.
അഭിനേതാക്കള്‍ ആയോധനകലയും കുതിര സവാരിയും പരിശീലനം നേടി. ദിവസങ്ങള്‍ നീണ്ട റിഹേഴ്സലുകളും അരങ്ങേറി. സിനിമയുടെ പൂര്‍ണതയ്ക്ക് വേണ്ടി ഡയലോഗ് ഉള്‍പ്പടെ പ്രീഷൂട്ട് പോലും നടത്തിയിട്ടുണ്ടെന്ന് രാജമൗലി പറഞ്ഞിരുന്നു.
ബാഹുബലിയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ കാണാം.

