ഭർത്താവിനെതിരെ ഗാർഹിക പീഡന പരാതിയുമായി ബോളിവുഡ് നടി
ന്യൂഡൽഹി: മുൻ ബോളിവുഡ് താരം രതി അഗ്നിഹോത്രി (54) ഭർത്താവ് അനിൽ വിർവാണിക്കെതിരെ ഗാർഹിക പീഡനത്തിന് പരാതി നൽകി. ശാരീരികമായും മാനസികമായും ഇയാൾ പീഡിപ്പിച്ചതായി മുംബൈ പോലീസിന് കൈമാറിയ പരാതിയിൽ പറയുന്നു. ഇയാൾക്കെതിരെ ഐ.പി.സി സെക്ഷൻ 498 എ, 323, 350, 506 എന്നീ വകുപ്പുകൾ പ്രകാരം കേസെടുത്തതായി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ എസ്. ജയകുമാർ പറഞ്ഞു.
1985 ലായിരുന്നു ഇവരുടെ വിവാഹം. ആർക്കിടെക്റ്റും ബിസിനസുകാരനുമായ ഭർത്താവിനും നടനായ മകൻ തനൂജിനും ഒപ്പം വർളിയിലായിരുന്നു രതി താമസിച്ചിരുന്നത്. ഏറെക്കാലമായി ഭർതൃപീഡനത്തിനിരയായതായി താരം പരാതിയിൽ പറയുന്നു. എന്നാൽ പീഡനത്തിനുള്ള കാരണം എന്താണെന്ന് പരാതിയിൽ വ്യക്തമാക്കുന്നില്ല.
മാർച്ച് 7 നാണ് ഭർത്താവ് പീഡിപ്പിക്കുന്നു എന്ന് വാക്കാലുള്ള പരാതിയുമായി നടി പോലീസിനെ സമീപിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു. ഭർത്താവ് ഉപദ്രവിച്ചതാണെന്ന് പറഞ്ഞ് കൈകളിലുള്ള പാടുകളും ഇവർ കാണിച്ചതായി പോലീസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നു.
വിർവാണിയുടെ ബിസിനസ് അത്ര മെച്ചമല്ലെന്നും അതിന്റെ ദേഷ്യമാകാം ഇതെന്നുമാണ് പോലീസ് പറയുന്നത്. എന്തായാലും കേസിൽ വിശദമായ അന്വേഷണം നടത്തി വേണ്ട നടപടി സ്വീകരിക്കുമെന്നും ജയകുമാർ വ്യക്തമാക്കി. എൺപതുകളിൽ ബോളിവുഡ് സിനിമയിലെ അറിയപ്പെടുന്ന താരമായിരുന്നു രതി അഗ്നിഹോത്രി. അന്തരിച്ച പ്രമുഖ സംവിധായകൻ കെ. ബാലചന്ദർ സംവിധാനം ചെയ്ത് കമലഹാസനും രതി അഗ്നിഹോത്രിയും ജോഡികളായി 1981 ൽ പുറത്തിറങ്ങിയ ‘ഏക് ദുജേ കേ ലിയേ’ വൻ ഹിറ്റായിരുന്നു.

