ബോളിവുഡ് താരം ദിലീപ് കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
മുംബൈ: നടന് ദിലീപ് കുമാറിനെ മുംബൈയിലെ ലീലാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടുത്ത ശ്വാസ തടസം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണിത്. 93 വയസുളള ദിലീപ് കുമാറിനെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും ഇപ്പോള്‍ അവിടെ നിന്നും മാറ്റി. എങ്കിലും ഡോക്ടര്‍മാരുടെ പൂര്‍ണ നിരീക്ഷണത്തിലാണ് ഇദ്ദേഹം. കഴിഞ്ഞ രണ്ട് വര്‍ഷമായി ഇദ്ദേഹം അടിയ്ക്കടി ആശുപത്രി വാസത്തിലാണ്.
അടുത്ത നാല്പ്പത്തെട്ട് മണിക്കൂറിനുളളില്‍ സ്ഥിതി മെച്ചപ്പെട്ടില്ലെങ്കില്‍ വീണ്ടും ഐസിയുവിലേക്ക് മാറ്റുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. അടുത്ത മൂന്ന് ദിവസം വളരെ നിര്‍ണായകമാണെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. വെളുപ്പിന് രണ്ടരയോടെയാണ് ഇദ്ദേഹത്തെ ബാന്ദ്രയിലെ ആശുപത്രിയിലെത്തിച്ചത്.
കടുത്ത പനിയുണ്ടായിരുന്ന ഇദ്ദേഹം കുറേയെറെ തവണ ഛര്‍ദ്ദിച്ചതായും ഡോക്ടര്‍മാര്‍ പറഞ്ഞു. ന്യൂമോണിയയും ബാധിച്ചിട്ടുണ്ട്. രക്തത്തിലെ ശ്വേതരക്താണുക്കളുടെ എണ്ണവും വര്‍ദ്ധിച്ചിരിക്കുകയാണ്. അത് കൊണ്ട് തന്നെ ആശുപത്രിയില്‍ കിടത്തുകയായിരുന്നെന്നും അധികൃതര്‍ വ്യക്തമാക്കി.


