സോനു നിഗം തെരുവുഗായകന്റെ വേഷത്തില്‍ ജൂഹു തെരുവില്‍ പാടി; തിരിച്ചറിയാതെ ജനം

മുംബൈ: തന്റെ നിരവധി ഗാനങ്ങളിലൂടെ ആരാധകരുടെ മനം കവര്ന്ന സോനു നിഗം തെരുവുഗായകന്റ വേഷത്തിലെത്തി ജൂഹു തെരുവില് പാട്ടുപാടി. എന്നാല് കൃത്രിമ താടിയും മുടിയും വെച്ച് വഴിയോരത്ത് വിരിച്ച ചാക്കിലിരുന്ന് ഹാര്മോണിയത്തില് ഈണമിട്ട് സോനു പാട്ട് പാടിയിട്ടും ചുറ്റും കൂടിയ നൂറുകണക്കിന് പേരില് ആര്ക്കും അനുഗ്രഹീത ഗായകനെ തിരിച്ചറിയാനായില്ല. ഇന്നലെ റിലീസ് ചെയ്ത ‘റോഡ്സൈഡ് ഉസ്താദ്’ എന്ന വീഡിയോയിലൂടെയാണ് സോനു നിഗത്തിന്റെ വ്യത്യസ്തമായ ശ്രമം ആരാധലോകം പുറത്തറിഞ്ഞത്.
പ്രത്യേകിച്ച് മുന്വിധികളൊന്നുമില്ലാതെയാണ് താന് ജൂഹുവില് പാട്ട് പാടിയതെന്ന് പറഞ്ഞ സോനു ആര്‍ക്കും തന്നെ തിരിച്ചറിയാത്ത രീതിയില്‍ മേക്കപ്പിട്ടവരെ പ്രശംസിച്ചു. സോനു പാട്ടുപാടുമ്പോള്‍ ചിലര്‍ അദ്ദേഹത്തെ ശ്രദ്ധിക്കാതെ പോകുന്നതും മറ്റ് ചിലര്‍ മനോഹരമായ ഗാനം കേട്ട് അദ്ദേഹത്തിന് ചുറ്റും കൂടിയിരിക്കുന്നതും കാണാം. ” തിരക്കുപിടിച്ച ജീവിതത്തിനിടയ്ക്ക് സംഗീതത്തിന്റെ മാസ്മരികതയെ അഭിനന്ദിക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുകയായിരുന്നു ലക്ഷ്യം” ഇത്തരത്തിലൊരു വീഡിയോ ഷൂട്ട് ചെയ്യാനുള്ള തീരുമാനത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ സംരംഭത്തിന് പിന്നിലുള്ള ഏജന്‍സിയായ കള്‍ച്ചറല്‍ മെഷീന്റെ ക്രിയേറ്റീവ് ഡയറക്ടര്‍ കാള്‍ കട്ഗാര പറഞ്ഞു.
വീഡിയോ കാണാം

