ചുംബനം, കെട്ടിപ്പിടിത്തം, ഹസ്തദാനം വേണ്ട! സിനിമാ ഷൂട്ടിങ്ങിന് മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പ്രഖ്യാപിച്ച് പ്രൊഡ്യൂസേഴ്സ് ഗില്‍ഡ്
കോവിഡ് അനന്തര കാലത്ത് സിനിമാ-ടെലിവിഷന്‍ പരിപാടികളുടെ ഷൂട്ടിങ്ങിന് മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് പ്രൊഡ്യൂസേഴ്സ് ഗില്‍ഡി ഓഫ് ഇന്ത്യ.
May 29, 2020, 15:30 IST
| 
മുംബൈ: കോവിഡ് അനന്തര കാലത്ത് സിനിമാ-ടെലിവിഷന്‍ പരിപാടികളുടെ ഷൂട്ടിങ്ങിന് മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് പ്രൊഡ്യൂസേഴ്സ് ഗില്‍ഡി ഓഫ് ഇന്ത്യ. ചുംബനം, ആലിംഗനം, ഹസ്തദാനം തുടങ്ങിയവ ഒഴിവാക്കണം, സാമൂഹിക അകലം പാലിക്കാന്‍ നിലത്ത് മാര്‍ക്ക് ചെയ്യണം, ഷൂട്ടിങ്ങിന് 45 മിനിറ്റ് മുന്‍പ് തന്നെ അഭിനേതാക്കളും അണിയറ പ്രവര്‍ത്തകരും ലൊക്കേഷനില്‍ എത്തണം, സാനിറ്റൈസറുകള്‍ ഉപയോഗിച്ച് ഇടക്കിടെ കൈ കഴുകണം തുടങ്ങിയ നിര്‍ദേശങ്ങളും നല്‍കിയിട്ടുണ്ട്.
മഹാരാഷ്ട്ര സര്‍ക്കാര്‍ സിനിമാ ഷൂട്ടിങ്ങുകള്‍ക്കായി ഇളവുകള്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഈ നിബന്ധനകള്‍ പുറത്തിറക്കിയത്. 37 പേജുള്ള മാര്‍ഗ്ഗരേഖയിലെ മറ്റു സുപ്രധാന നിബന്ധനകള്‍ ഇവയാണ്.
- ഇടക്കിടെ കൈ കഴുകുന്നതിനായി പോര്‍ട്ടബിള്‍ വാഷ് ബേസിനുകള്‍ സജ്ജമാക്കണം. കുളിക്കാനും സൗകര്യം ഒരുക്കണം.
- നീണ്ട ബെഞ്ചുകള്‍ക്ക് പകരം കസേരകള്‍ ഉപയോഗിക്കണം.
- ഓരോ അഭിനേതാവിനും വ്യത്യസ്ത മേക്കപ്പ് കിറ്റുകള്‍ ഉപയോഗിക്കണം.
- മേക്കപ്പിന് ശേഷം ഫേസ് ഷീല്‍ഡ് ഉപയോഗിക്കണം.
- വിഗ്ഗുകള്‍ ഉപയോഗിക്കുന്നതിന് മുന്‍പും ശേഷവും ശുദ്ധീകരിക്കണം
- മേക്കപ്പ്, ഹെയര്‍ കലാകാരന്മാര് കയ്യുറകളും മാസ്കും ധരിക്കണം.
- ലൊക്കേഷനില്‍ ഉള്ളവരെല്ലാം മാസ്ക് ധരിക്കണം.
- 60 വയസിന് മേല്‍ പ്രായമുള്ളവരെ മൂന്ന് മാസത്തേക്ക് സിനിമാ ജോലികളില്‍ ഉള്‍പ്പെടുത്തരുത്.