ഞങ്ങള്‍ സൂചിപ്പിച്ച വിഷയം അഭിമുഖത്തെ സംബന്ധിച്ചാണ്, അഭിമുഖം നടത്തിയ ആളെപ്പറ്റിയല്ല; വിശദീകരണവുമായി റോഷന്‍

വനിത അഭിമുഖത്തെ വിമര്ശിക്കുന്ന പോസ്റ്റിനെ തുടര്ന്ന് മാധ്യമപ്രവര്ത്തക സൈബര് ആക്രമണത്തിന് ഇരയായ സംഭവത്തില് വിശദീകരണവുമായി നടന് റോഷന് മാത്യു. ഞങ്ങള്‍ സൂചിപ്പിച്ച വിഷയം അഭിമുഖത്തെ സംബന്ധിച്ചുള്ളതാണെന്നും അല്ലാതെ അഭിമുഖം നടത്തിയ ആളെപ്പറ്റിയല്ലെന്നും ഫെയിസ്ബുക്ക് പോസ്റ്റില്‍ റോഷന്‍ വിശദീകരിച്ചു. ഇതിന്റെ പേരില്‍ അവരെ അധിക്ഷേപിക്കരുതെന്ന് അഭ്യര്‍ത്ഥിക്കുന്നതായും റോഷന്‍ പറഞ്ഞു.
”വനിത അഭിമുഖം നടത്തിയ ആളെ സോഷ്യല്‍ മീഡിയ വഴി ബുദ്ധിമുട്ടിക്കുന്നു എന്നറിഞ്ഞതില്‍ നിരാശ തോന്നുന്നു. ഞങ്ങള്‍ ഇട്ട പോസ്റ്റ് ഞങ്ങളുടെ ഭാഗം വിശദീകരിക്കല്‍ മാത്രമാണ് ഉദ്ദേശിക്കുന്നത്. ട്രോളിങ്ങോ, വ്യക്തിപരമായ ഉപദ്രവമോ പ്രേരിപ്പിക്കാന്‍ അല്ല. ഞങ്ങള്‍ സൂചിപ്പിച്ച വിഷയങ്ങള്‍ അഭിമുഖത്തെ സംബന്ധിച്ചുള്ളതാണ്, അല്ലാതെ അഭിമുഖം നടത്തിയ ആളെപ്പറ്റിയല്ല. ഇതിന്റെ പേരില്‍ അവരെ അധിക്ഷേപിക്കരുതെന്ന് ഞങ്ങള്‍ രണ്ടു പേരും അഭ്യര്‍ത്ഥിക്കുന്നു.” എന്നാണ് പോസ്റ്റിലെ വാക്കുകള്‍.
വനിതയില്‍ പ്രസിദ്ധീകരിച്ച താനും സീ യു സൂണ്‍ എന്ന ചിത്രത്തിലെ സഹതാരമായ ദര്‍ശനയുമായുള്ള അഭിമുഖത്തിനെതിരെ ഇന്നലെ റോഷന്‍ രംഗത്തെത്തിയിരുന്നു. തങ്ങള്‍ പറയാത്ത കാര്യങ്ങള്‍ അഭിമുഖത്തില്‍ പ്രസിദ്ധീകരിച്ചു കണ്ടുവെന്നും പൈങ്കിളി പ്രയോഗങ്ങളും തങ്ങളുടെ സംസാര ശൈലിയെന്നു തോന്നുന്ന വിധത്തിലുള്ള വാക്കുകളും പ്രയോഗിച്ചുവെന്ന് റോഷനും ദര്‍ശനയും ആരോപിച്ചത്. കള്ളങ്ങള്‍ കച്ചവടത്തിന് വയ്ക്കാതിരുന്നുകൂടേ എന്നും പോസ്റ്റില്‍ ചോദിച്ചിരുന്നു. പോസ്റ്റില്‍ അഭിമുഖം നടത്തിയ മാധ്യമപ്രവര്‍ത്തകയുടെ പ്രൊഫൈല്‍ ലിങ്കും നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് മാധ്യമപ്രവര്‍ത്തക ലക്ഷ്മി പ്രേംകുമാറിന്റെ പ്രൊഫൈലില്‍ വലിയ സൈബര്‍ ആക്രമണമാണ് നടന്നത്.
വനിത അഭിമുഖം നടത്തിയ ആളെ സോഷ്യൽ മീഡിയ വഴി ബുദ്ധിമുട്ടിക്കുന്നു എന്നറിഞ്ഞതിൽ നിരാശ തോന്നുന്നു. ഞങ്ങൾ ഇട്ട പോസ്റ്റ്…
Posted by Roshan Mathew on Friday, September 25, 2020