ബിനീഷിനോട് മാപ്പ് പറഞ്ഞ് അനില്‍ രാധാകൃഷ്ണ മേനോന്; ബിനീഷ് ആയതുകൊണ്ടല്ല ഒഴിവാക്കണമെന്ന് പറഞ്ഞത്

കൊച്ചി: ബിനീഷ് ബാസ്റ്റിനെ അപമാനിച്ച സംഭവത്തില്‍ മാപ്പപേക്ഷയുമായി സംവിധായകന് അനില്‍ രാധാകൃഷ്ണ മേനോന്. താന്‍ മൂലം ബുദ്ധിമുട്ടുണ്ടായെങ്കില്‍ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് ക്ഷമ ചോദിക്കുന്നതായി അനില്‍ പറഞ്ഞു. ബിനീഷ് വന്നപ്പോള്‍ താന്‍ തന്നെയാണ് എല്ലാവരോടും കയ്യടിക്കാന്‍ പറഞ്ഞത്. ബിനീഷിന്റെ സാമീപ്യം പ്രശ്നമാണെന്ന് താന്‍ പറഞ്ഞില്ല. ബിനീഷ് വേദിയില്‍ വന്നപ്പോള്‍ കസേരയില്‍ ഇരിക്കാനും പറഞ്ഞു. അദ്ദേഹം കേട്ടില്ല.
ഞാന്‍ പറഞ്ഞത് ഒന്നും കേട്ടില്ല. എന്റെ പേരിനൊപ്പം മേനോന് എന്നുണ്ട് എന്ന് കരുതി എന്നെ സവര്‍ണനായി മുദ്രകുത്തരുത്. ഞാന്‍ അത്തരത്തില്‍ ചിന്തിക്കുന്ന ഒരാളല്ല. ബീനിഷിനെ എനിക്ക് ഇഷ്ടമാണ്. എന്റെ അടുത്ത സിനിമയില്‍ അദ്ദേഹത്തിന് ഒരു ചെറിയ വേഷം ഞാന്‍ എഴുതി വച്ചിട്ടുണ്ടെന്നും അനില്‍ പറഞ്ഞു. ‘എന്റെ സിനിമകളില്‍ ചാന്‍സ് ചോദിച്ച് വന്നുവെന്ന് ഞാനും കേട്ടു. അതൊക്കെ പറഞ്ഞുണ്ടാക്കുന്നതാണ്. മൂന്നാംകിടയോ രണ്ടാംകിടയോ നടന്മാരില്ല. എല്ലാവരും അഭിനേതാക്കളാണ്. അത് ഞാന്‍ മുന്‍പേ പറഞ്ഞിട്ടുള്ളതുമാണെന്നും അനില്‍ കൂട്ടിച്ചേര്‍ത്തു.
ഇത്തരം പരിപാടികള്‍ക്ക് താന്‍ പണം വാങ്ങാതെയാണ് പോകുന്നത്. അതുകൊണ്ട് തന്നെ മറ്റാരെങ്കിലും ഉണ്ടെങ്കില്‍ താന്‍ ഉണ്ടാകില്ലെന്ന് പറഞ്ഞിരുന്നു. രണ്ട് ദിവസം മുമ്പ് മാത്രമാണ് തന്നെ ക്ഷണിച്ചത്. അടുത്ത ദിവസമാണ് ബിനീഷ് ഉണ്ടെന്ന് പറഞ്ഞത്. അപ്പോള്‍ തന്ന ഒഴിവാക്കണമെന്ന് പറഞ്ഞു. ബിനീഷ് ആയതുകൊണ്ടല്ല താന്‍ അങ്ങനെ പറഞ്ഞതെന്നും അനില്‍ വിശദീകരിച്ചു.