മലയാളത്തില്‍ പുതിയ സിനിമകള്‍ ഉടന്‍ വേണ്ടെന്ന് ഫിലിം ചേംബര്‍

കൊച്ചി: മലയാളത്തില്‍ പുതിയ സിനിമകള്‍ ഉടന്‍ വേണ്ടെന്ന് ഫിലിം ചേംബര്‍. പുതിയ ചിത്രങ്ങള്‍ക്ക് രജിസ്ട്രേഷന് നല്‍കില്ലെന്ന് ഫിലിം ചേംബര്‍ അറിയിച്ചു. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ 60ഓളം സിനിമകളുടെ ചിത്രീകരണമാണ് പ്രതിസന്ധിയിലായത്.
ഇതേ തുടര്‍ന്നാണ് പുതിയ സിനിമകള്‍ വേണ്ടെന്ന തീരുമാനിത്തിലേക്ക് ഫിലിം ചേംബര്‍ എത്തിയത്. നേരത്തേ പ്രൊഡ്യൂസേഴ്സ് അസോസിയേഷനും പുതിയ സിനിമകള്‍ ഉടന്‍ ആരംഭിക്കേണ്ടെന്ന് തീരുമാനിച്ചിരുന്നു. താരങ്ങളുടെ പ്രതിഫലം കുറയ്ക്കുന്ന വിഷയത്തില്‍ തീരുമാനമായ ശേഷം പുതിയ സിനിമകളെ കുറിച്ച് ആലോചിക്കാം എന്നായിരുന്നു നിര്‍മാതാക്കള്‍ അറിയിച്ചിരുന്നത്.
താരങ്ങളുടെ പ്രതിഫലം കുറയ്ക്കാമെന്ന് കഴിഞ്ഞ ദിവസം ചേര്‍ന്ന അമ്മ യോഗത്തില്‍ തീരുമാനമെടുത്തിരുന്നു. ലോക്ക് ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചപ്പോള്‍ തന്നെ നിരവധി ചിത്രങ്ങള്‍ തുടങ്ങുമെന്ന വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. പുതിയ ചിത്രങ്ങള്‍ക്ക് അനുകൂലമായാണ് ഫെഫ്ക നിലപാടെടുത്തിരിക്കുന്നത്.