വണ്ടിച്ചെക്ക് കേസില്‍ നടന് റിസബാവ കീഴടങ്ങി

കൊച്ചി: വണ്ടിച്ചെക്ക് കേസില്‍ നടന് റിസബാവ കീഴടങ്ങി. എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിന് പിന്നാലെയാണ് റിസബാവ കീഴടങ്ങിയത്. 11 ലക്ഷം രൂപ കോടതിയില്‍ കെട്ടിവെച്ചു. എളമക്കര സ്വദേശി സാദിഖിന്റെ പരാതിയിലാണ് കീഴടങ്ങല്‍. 2014ല്‍ വാങ്ങിയ 11 ലക്ഷം രൂപ തിരികെ നല്‍കിയില്ലെന്നായിരുന്നു പരാതി. പണം തിരിച്ചു നല്കാന് കൂടുതല്‍ സമയം വേണമെന്ന് ആവശ്യപ്പെട്ട് റിസ ബാവ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.
റിസബാവയുടെ മകളുമായി പരാതിക്കാരന് സാദിഖിന്റെ മകന്റെ വിവാഹം നേരത്തെ തീരുമാനിച്ചിരുന്നു. ഈ പരിചയത്തിന്റെ അടിസ്ഥാനത്തിലാണ് പണം നല്‍കിയതെന്ന് പരാതിയില്‍ പറയുന്നു. പണം തിരികെ നല്‍കാമെന്ന് പറഞ്ഞ അവധി കഴിഞ്ഞതോടെ 2015 ജനുവരിയില്‍ ഈടായി ഒരു ചെക്ക് നല്കി. ഇത് ഉപയോഗിച്ച് പണം പിന്‍വലിക്കാന്‍ ശ്രമിച്ചെങ്കിലും ചെക്ക് മടങ്ങി. തുടര്‍ന്നാണ് സാദിഖ് പരാതിയുമായി കോടതിയെ സമീപിച്ചത്.
കേസില്‍ റിസബാവ കുറ്റക്കാരനാണെന്ന് 2018ല്‍ എറണാകുളം നെഗോഷ്യബിള്‍ ഇന്‍സ്ട്രമെന്റ് കോടതി കണ്ടെത്തിയിരുന്നു. പല തവണ ഹാജരാകാതിരുന്നതിനെ തുടര്‍ന്ന് നടനെ അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ അന്നും കോടതി ഉത്തരവിട്ടിരുന്നു. ഇതിന് ശേഷമാണ് റിസ ബാവ നേരിട്ട് ഹാജരായത്. കേസില്‍ അപ്പീല്‍ നല്‍കുന്നതിനായി പിന്നീട് ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു.