ഷെയ്ന് ഉറക്കക്കുറവും വ്യായാമക്കുറവുമെന്ന് മന്ത്രി എ.കെ.ബാലന്; ചര്‍ച്ചക്കില്ലെന്ന് ആവര്‍ത്തിച്ച് നിര്‍മാതാക്കള്‍

തിരുവനന്തപുരം: ഷെയ്ന് നിഗമിന് ഉറക്കക്കുറവും വ്യായാമക്കുറവും ഉണ്ടെന്ന് സംശയിക്കുന്നതായി മന്ത്രി എ.കെ.ബാലന്. ഇത് കലാകാരന്മാരുടെ തലച്ചോറിനെ ബാധിക്കുമെന്നും അഭിനയത്തെത്തന്നെ അത് ബാധിക്കുമെന്നും മന്ത്രി പറഞ്ഞു. സിനിമയ്ക്ക് വേണ്ടി കരാര്‍ ഒപ്പിടുമ്പോള്‍ ഇതെല്ലാം ശ്രദ്ധിക്കണം. ഷെയ്ന്റെ സിനിമാ വിലക്കുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങള്‍ സിനിമാ സംഘടനകള്‍ക്ക് തന്നെ തീര്‍ക്കാവുന്നവയാണ്. സര്‍ക്കാര്‍ ഇടപെടേണ്ട വിധത്തില്‍ ഗൗരവമുള്ള പ്രശ്നമല്ല. ഇതിനെ ഈഗോ പ്രശ്നമായി ആരും കാണേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു.
വിഷയത്തില്‍ അമ്മ പ്രസിഡന്റ് മോഹന്‍ലാലിന് കത്ത് നല്‍കുമെന്നും ബി.ഉണ്ണികൃഷ്ണനുമായി വീണ്ടും സംസാരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം ഷെയ്ന് വിഷയത്തില്‍ ഇനി ചര്‍ച്ചകള്‍ക്ക് മുന്കയ്യെടുക്കില്ലെന്നാണ് അമ്മയും ഫെഫ്കയും ഇന്നലെ വ്യക്തമാക്കിയിരിക്കുന്നത്. മന്ത്രി എ.കെ.ബാലനുമായി ഷെയ്ന് കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെ മാധ്യമങ്ങള്‍ക്ക് നല്കിയ പ്രതികരണത്തില്‍ പ്രതിഷേധിച്ചാണ് സംഘടനകള്‍ നിലപാട് മാറ്റിയത്.
നിര്‍മാതാക്കളുടെ സംഘടനയും ഷെയ്നുമായി ചര്‍ച്ചകള്‍ക്ക് ഇല്ലെന്ന് ആവര്‍ത്തിച്ചു. പലപ്പോഴായി നിലപാട് മാറ്റുന്ന ആളുമായി എങ്ങനെ ചര്‍ച്ച നടത്താന്‍ കഴിയുമെന്നാണ് സംഘടന ചോദിക്കുന്നത്. നിര്‍മാതാക്കളെ മനോരോഗികള്‍ എന്ന് വിളിച്ചത് അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് സംഘടനാ ഭാരവാഹികള്‍ അറിയിക്കുന്നത്.