സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടന് സുരാജ് വെഞ്ഞാറമൂട്, നടി കനി കുസൃതി

സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. റഹ്മാന് ബ്രദേഴ്സ് സംവിധാനം ചെയ്ത വാസന്തിയാണ് മികച്ച ചിത്രം. സുരാജ് വെഞ്ഞാറമൂടാണ് മികച്ച നടന്. കനി കുസൃതി മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടു. ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്, വികൃതി എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് സുരാജ് അവാര്‍ഡ് കരസ്ഥമാക്കിയത്. ബിരിയാണി എന്ന ചിത്രത്തിലെ പ്രകടനത്തിന് കനി കുസൃതിയും പുരസ്കാരം നേടി. മികച്ച സംവിധായകന് ലിജോ ജോസ് പെല്ലിശേരിയാണ്. ജല്ലിക്കട്ട് എന്ന ചിത്രത്തിനാണ് പുരസ്കാരം.
ഫഹദ് ഫാസില്‍ ആണ് സ്വഭാവ നടന്. കുമ്പളങ്ങി നൈറ്റ്സിലെ പ്രകടനത്തിനാണ് അവാര്‍ഡ്. വാസന്തിയിലെ പ്രകടനത്തിന് സ്വാസിക മികച്ച സ്വഭാവനടിക്കുള്ള അവാര്‍ഡ് കരസ്ഥമാക്കി. മൂത്തോനിലെ പ്രകടനത്തിന് നിവിന്‍ പോളിക്കും ഹെലനിലെ പ്രകടനത്തിന് അന്ന ബെന്നിനും പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ചു. ജനപ്രീതിയും കലാമൂല്യവുമുള്ള ചിത്രത്തിനുള്ള പുരസ്കാരം കുമ്പളങ്ങി നൈറ്റ്സിന് ലഭിച്ചു. ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന് എന്ന ചിത്രത്തിന്റെ സംവിധായകന് രതീഷ് പൊതുവാള് മികച്ച നവാഗത സംവിധായകനുള്ള പുരസ്കാരം നേടി.
വാസന്തിയുടെ തിരക്കഥയ്ക്ക് ഷിനോസ് റഹ്മാനും സജാസ് റഹ്മാനും മികച്ച തിരക്കഥാകൃത്തുക്കള്‍ക്കുള്ള അവാര്‍ഡിന് അര്‍ഹരായി. നജീം അര്‍ഷാദ് ആണ് മികച്ച ഗായകന് മധുശ്രീ നാരായണന് മികച്ച ഗായികയ്ക്കുള്ള അവാര്‍ഡ് നേടി. കുമ്പളങങ്ങിയിലെ ഗാനങ്ങള്‍ക്ക് സുഷിന് ശ്യാം മികച്ച സംഗീത സംവിധായകനായി. ലൂസിഫര്‍, മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം തുടങ്ങിയ ചിത്രങ്ങളിലൂടെ വിനീത് മികച്ച ഡബ്ബിംഗ് ആര്‍ട്ടിസ്റ്റിനുള്ള പുരസ്കാരം നേടി.