‘റമദാപ്പള്ളിയിലെ യഥാര്‍ത്ഥ മനോരോഗി മേരിയാണ്’; മാലിക്കിന് ഒരു വേറിട്ട റിവ്യൂ

വിനയ് ഫോര്ട്ട് അവതരിപ്പിച്ച ഡേവിഡിന്റെ ഭാര്യ മേരിയെയാണ് ഈ നിരൂപണത്തില് കേന്ദ്രമാക്കുന്നത്.
 | 
‘റമദാപ്പള്ളിയിലെ യഥാര്‍ത്ഥ മനോരോഗി മേരിയാണ്’; മാലിക്കിന് ഒരു വേറിട്ട റിവ്യൂ

സ്‌പോയിലര്‍ അലര്‍ട്ട്. മാലിക് കണ്ടവര്‍ക്ക് മാത്രം

മാലിക് സിനിമ ഇറങ്ങിയതിന് പിന്നാലെ നിരവധി റിവ്യൂകളാണ് സോഷ്യല്‍ മീഡിയയില്‍ വന്നത്. സിനിമയെ അനുകൂലിച്ചും നിശിതമായി വിമര്‍ശിച്ചും നിരവധി റിവ്യൂകള്‍ വന്നു. അക്കൂട്ടത്തില്‍ വേറിട്ടു നില്‍ക്കുന്ന ഒന്നാണ് മൂവീ സ്ട്രീറ്റില്‍ റോഷിത് എഴുതിയത്. ഒരു ട്രോള്‍ ആംഗിളിലാണ് ഇതിനെ റോഷിത് സമീപിച്ചിട്ടുള്ളത്. വിനയ് ഫോര്‍ട്ട് അവതരിപ്പിച്ച ഡേവിഡിന്റെ ഭാര്യ മേരിയെയാണ് ഈ നിരൂപണത്തില്‍ കേന്ദ്രമാക്കുന്നത്. എന്താണ് മേരിക്ക് അലിയോടുള്ള പകയ്ക്ക് കാരണമെന്ന് കണ്ടെത്താന്‍ ശ്രമിക്കുകയാണ് ഇവിടെ.

പോസ്റ്റ് വായിക്കാം

SPOILER ALERT : Only for those who have seen Malik and gone through recent reviews.

മാലിക്കിലെ കഥാപാത്രങ്ങളെ കുറിച്ച് സംസാരിക്കുമ്പോൾ അധികമാരും ശ്രദ്ധിക്കാതെ പോയ ഒന്നാകും മേരിയുടേത്.

ലോങ്ങ്‌ സിംഗിൾ ഷോട്ടുകളേക്കാളും, കൊല്ലാൻ തയ്യാറാണെന്ന് പറഞ്ഞതിന്റെ തൊട്ടടുത്ത മണിക്കൂറിൽ ബോംബേറിൽ കൊല്ലപ്പെട്ട ഗുണ്ട ഷിബുവിനേക്കാളും മാലിക്കിന്റെ “നായകൻ” ഇമേജ് പരുവപ്പെടുത്താൻ കച്ചകെട്ടി ഇറങ്ങിയതായി തോന്നി ഡേവിഡണ്ണന്റെ ഭാര്യ ‘മ്യാരി’.

അലീക്കയുടെ ഉമ്മ എന്താണ് അങ്ങേരെ ജയിലിക്കെടത്താൻ കൂട്ടുനിന്നത് എന്നത് നഖം കടിച്ച് ചിന്തിക്കുമ്പോഴാണ് ചെറുപ്പമഭിനയിച്ച് ജലജയുടെ മോളാണെന്നും, പ്രായമേറിയപ്പൊ അത് ജലജ തന്നെയാണെന്നും വനിത-സീരിയൽ അഡിക്റ്റ് വല്യമ്മയുടെ വിലയിരുത്തൽ വന്നത്.

തനിക്കഭയം തന്ന തൊറക്കാരിൽ മീൻ മണം വെറുത്തിരുന്ന ടീച്ചറുമ്മ എന്തിനാണിത് ചെയ്തത് എന്നതിനുത്തരമായപ്പോഴാണ് ഇൻറർവെല്ലിൽ പഞ്ച് ഡയലോഗുമായി മേരി വന്ന് ഉള്ള സമാധാനം കളഞ്ഞത്.

“അമ്മച്ചിക്ക് വേണ്ടി നീ ഇത് ചെയ്യണം!!”

തൊട്ടപ്പുറത്ത് ഉറ്റ ചങ്ങാതി സുലൈമാനുമായി തെറ്റാനുണ്ടായ സാഹചര്യം സംവിധായകൻ എത്ര പഠിപ്പിച്ചഭിനയിപ്പിച്ചിട്ടും മനസിലാകാതെ അന്തം വിട്ട് പണ്ടാരടങ്ങി നിക്കുന്ന ഡേവിവണ്ണനുണ്ട്. ഒരുമിച്ച് കളിച്ചു വളർന്ന കാലത്തോ സ്വന്തം പെങ്ങളെ കെട്ടിച്ചു കൊടുത്ത സമയത്തോ തോന്നാത്ത വർഗീയത, കളക്റ്ററുടെ തലയണമന്ത്രം സ്റ്റൈൽ ഉപദേശത്തിൽ ജ്വലിച്ചുണർന്ന്, കേസ് വാദിക്കുന്നിതിനിടയിൽ ഓടിപ്പോയി അമീറിന്റെ മാമോദിസ നടത്തി ആർക്കോ വേണ്ടി ഓക്കാനിച്ച്, സുലൈമാനുമായി ഇടഞ്ഞതാണ് ഡേവിഡ്.

ഉറൂസിന്റെ അന്ന് റമദാപള്ളിയിൽ പോയി അലമ്പാക്കി താൻ മനസ്സിൽ പോലും കരുതാത്ത കാര്യങ്ങൾ ഒക്കെ കണ്ട് അമ്പരന്ന് നിൽക്കുന്ന ഡേവിഡ്.

ഹാവൂ.. ഇവന് മനസ്സിലായി പോലീസും അബ്‌ദുവും ഒക്കെ കൂടെ ഇവനെ തേക്കുവാന്ന്.. ദേ അടുത്ത ദിവസം കുളിച്ച് കുട്ടപ്പനായി ബസിന് കല്ലെറിയാൻ പോയേക്കുന്നു..

ങേ.. ഇവനിതെന്തോന്ന്..!!

അപ്പൊഴൊന്നും ചിത്രത്തിലില്ലാത്ത മേരിയാണ് ഇപ്പൊ ഭർത്താവിനേക്കാളും വല്യ ഡയലോഗടിച്ച് എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാറായി മൊത്തം സിനിമ കൈയിലെടുത്തത്. കഥ പുറകെ വരുവായിരിക്കും. ഞാൻ കസേരയിലേക്ക് കാല് വലിച്ച് കയറ്റി ടെൻഷനടിച്ച് വല്യമ്മയെ നോക്കി.

വല്യമ്മ നെടുവീർപ്പിട്ട് എന്നെയും. കുട്ടിക്കാലവും പ്രണയവും കള്ളക്കടത്തും, കൊലപാതകവും കഴിഞ്ഞു. കൂട്ടത്തിലെവിടെയും മേരിയില്ല, ഡയലോഗുമില്ല.. ഒടുവിൽ സുനാമി വന്നപ്പോഴും, വെടിവെപ്പ് വന്നപ്പോഴും എല്ലാരും അങ്ങോട്ടും ഇങ്ങോട്ടുമോടി. ദേ കൂടെയോടുന്നു മേരി..!!

അതാ വരുന്നു മേരിയുടെ അസ്ഥാനത്തുള്ള ഡയലോഗ്, അതും ആശുപത്രിയിൽ വെച്ച്.

“നീ ഇതിനൊക്കെ അനുഭവിക്കുമെടീ..!!”

ആരോട്?? റോസ്‌ലിനോട്‌…!!

ആരാ മരിച്ചത്?? റോസ്‌ലിന്റെ അപ്പൻ.

ആരാ കൊല്ലപ്പെട്ടത്? റോസ്‌ലിന്റെ കൊച്ച്.

കാലിന് വെടി കൊണ്ട് ഉണ്ടായ മുറിവ് ജസ്റ്റൊന്ന് ഡ്രസ് ചെയ്ത് തൊട്ടപ്പുറത്ത് ഡേവിഡ് പുട്ട് പോലെ കിടക്കുന്നുണ്ട്. അപ്പൊഴാണ് ചാവാൻ കിടക്കുവാണെന്നലറി വിളിച്ച്, എന്റെ ഭർത്താവിന് ചെയ്യാൻ കഴിയാത്തത് മോനെക്കൊണ്ട് ചെയ്യിക്കുമൊന്നൊക്കെ പാഞ്ചാലി ശപഥമെടുത്ത് മ്യാരി വീണ്ടും ഓവറാക്കുന്നത്.

എല്ലാം നഷ്ടപ്പെട്ടത് റോസ്‌ലിനല്ലെ ?? നിനക്കെന്നാ പോയത്?? എന്നിട്ടും നീ കെടന്ന്…

വല്യമ്മ ഇരുന്ന ഇരിപ്പിൽ ചാടി എഴുന്നേറ്റു.

ഇവളെ ഞാൻ..!!

വല്യമ്മേ..!!

ന്യൂറോസിസിൽ നിന്ന് സൈക്കോ സിസിലേക്ക് പോകും മുമ്പ് ഞാനലറി. കൊല്ലം പത്തിരുപത് കഴിഞ്ഞു. ഡേവിഡണ്ണൻ ചെറിയ മുടന്തുമായി ജീവിക്കുന്നുണ്ട്. വേറെ ആരോഗ്യ പ്രശ്നങ്ങളൊന്നുല്ല. അതിലും വല്യ ഷുഗറും മോനെ നഷ്ടപ്പെട്ട ദുഖവുമായി ഉരുകി ജീവിക്കുകയാണ് സുലൈമാൻ.

അയാളെ കൊല്ലാനാന്ന് മേരി മോനോടാഞ്ജാപിക്കുന്നത്. ഗുണ്ടാ ഷിബുവിന്റെ കൂടെ ബൈക്കിൽ പോകുന്നതും, വെറുതെ എങ്ങോട്ടോ ബോംബ് വലിച്ചെറിയുന്നതിലുമൊക്കെ പേടിച്ച് കഴിയുന്ന മേരിയാണ്, പിടിച്ചാൽ റമദാ പള്ളിക്കാര് തീർത്തു കളയുമെന്നുറപ്പുള്ള കുറ്റകൃത്യത്തിലേക്ക് ഏക മകനെ പറഞ്ഞ് വിടുന്നത്.

“മോനെടാ, എന്താടാ ഇവളിങ്ങനെ??”

സോനാഡാ സ്റ്റൈലിൽ വല്യമ്മ എന്നോടു ചോദിച്ചു. സമാധാനിപ്പിക്കാനാവാത്ത എബിഡാ ആയി ഞാനും. ഒടുവിൽ സിനിമ തീർന്നപ്പോ അബുവിനെ എറിഞ്ഞ കല്ല് മേരിയെ എറിഞ്ഞൂടായിരുന്ന് പറഞ്ഞ് എഴുന്നേറ്റ് പോകുമ്പോ ആരൊടെന്നില്ലാതെ വല്യമ്മ പറഞ്ഞു കൊണ്ടിരുന്നു.

“ചെലപ്പൊ ആ അബുവിെന്റ തന്നെ ആളാവും ഇവള്. അല്ലെങ്കില് അൻവർ കളക്റ്ററിന്റെ പഴയ കാമുകി. അയാള് ടി.വി എടുക്കാൻ ഗോഡൗണി വന്നപ്പൊ കണ്ട് മോഹിച്ചതായിരിക്കും. ഇഷ്ടല്ലാണ്ടാവും അന്ന് ഡേവിഡിനെ കെട്ടിയത്. ആ ഡോക്റ്ററ് കൊച്ച് ചെലപ്പൊ അവരുടെ കുട്ട്യാകും, അതാകും അയ്ന്റെ തള്ളേനെ കാണിക്കാത്തത്.”

ഞാൻ കസേരയിൽ നിന്ന് പുറകോട്ട് മറിഞ്ഞു വീണു! വല്യമ്മ നടന്ന് പോകുമ്പോ ബാക്ക് ഗ്രൗണ്ടിൽ അലിയാരുടെ ശബ്ദം മുഴങ്ങുന്നതായി തോന്നി.

ഏഷ്യാനെറ്റിൽ മറക്കാതെ കാണുക.. നിങ്ങളുടെ പ്രിയപ്പെട്ട പരമ്പര..

“മേരി നമ്മളുദ്ദേശിച്ച ആളല്ല..!!”