പറവൂര്‍ ഭരതന്‍ അന്തരിച്ചു

ചലച്ചിത്ര നടന് പറവൂര് ഭരതന് (86) അന്തരിച്ചു. വാര്ധക്യസഹജമായ അസുഖങ്ങളെത്തുടര്ന്ന് ഏറെനാളായി ചികിത്സയിലായിരുന്നു അദ്ദേഹം. ബുധനാഴ്ച്ച രാവിലെ 6.30ന് പറവൂര് വാവക്കാട്ടെ വീട്ടിലായിരുന്നു അന്ത്യം.
 | 

 

പറവൂര്‍ ഭരതന്‍ അന്തരിച്ചു
കൊച്ചി: ചലച്ചിത്ര നടന്‍ പറവൂര്‍ ഭരതന്‍ (86) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ഏറെനാളായി ചികിത്സയിലായിരുന്നു അദ്ദേഹം. ബുധനാഴ്ച്ച രാവിലെ 6.30ന് പറവൂര്‍ വാവക്കാട്ടെ വീട്ടിലായിരുന്നു അന്ത്യം.
എറണാകുളം പറവൂരിനടുത്ത് വാവക്കാട് എന്ന സ്ഥലത്ത് 1929ലായിരുന്നു പറവൂര്‍ ഭരതന്റെ ജനനം. നാടകവേദികളിലൂടെയാണ് പറവൂര്‍ ഭരതന്‍ മലയാള സിനിമാ ലോകത്തേക്ക് എത്തിയത്. 1951 ല്‍ രക്തബന്ധം എന്ന മലയാള ചിത്രത്തിലൂടെയാണ് അദ്ദേഹത്തിന്റെ അഭിനയജീവിതം ആരംഭിക്കുന്നത്. നാടകാഭിനയത്തോടുളള താത്പര്യം മനസിലാക്കിയ പ്രശസ്ത കാഥികനായിരുന്ന കെടാമംഗലം സദാനന്ദനാണ് അദ്ദേഹത്തെ അമെച്വര്‍ നാടക രംഗത്തേക്ക് എത്തിക്കുന്നത്. അവിടെ നിന്നു പ്രൊഫഷണല്‍ നാടകരംഗത്തേക്ക് കടന്ന ഭരതന് സിനിമയിലേക്കുളള വാതില്‍ തുറന്നതും നാടകബന്ധങ്ങള്‍ തന്നെയായിരുന്നു. 1951ല്‍ രകതബന്ധം എന്ന നാടകം സിനിമയാക്കിയപ്പോള്‍ അതില്‍ ചെറിയവേഷം ചെയ്തതിലൂടെ പറവൂര്‍ ഭരതനെന്ന നടന്‍ മലയാള സിനിമയില്‍ ഉദയംചെയ്തു.

കറുത്തകൈ, കടത്തുകാരന്‍ തുടങ്ങിയ ചിത്രങ്ങളില്‍ ഗുണ്ടാ വേഷത്തിലെത്തിയ അദ്ദേഹം പിന്നീട് മലയാള സിനിമാ പ്രേക്ഷകരെ കുടുകുടെ ചിരിപ്പിക്കുന്ന വേഷത്തിലും പ്രത്യക്ഷപ്പെട്ടു. ഇന്‍ ഹരിഹര്‍ നഗര്‍, മേലേപറമ്പില്‍ ആണ്‍വീട്, വിദ്യാരംഭം, ജൂനിയര്‍ മാന്‍ഡ്രേക്ക് തുടങ്ങിയ ചിത്രങ്ങളില്‍ അദ്ദേഹം അവതരിപ്പിച്ച വേഷങ്ങള്‍ മലയാളികള്‍ക്ക് എന്നും ചിരിച്ച മനസ്സോടെയേ ഓര്‍മ്മിക്കാന്‍ കഴിയൂ. അഭിനയ ജീവിതത്തിന്റെ അംഗീകാരമായി 2004ല്‍ ബഹദൂര്‍ അവാര്‍ഡ് അദ്ദേഹത്തെ തേടിയെത്തി. 2009ല്‍ പുറത്തിറങ്ങിയ ചങ്ങാതിക്കൂട്ടമാണ് അദ്ദേഹം അവസാനമായി അഭിനയിച്ച ചിത്രം.

ഭാര്യ: തങ്കമണി. സംസ്‌കാരം പിന്നീട്.