പ്രഭുദേവ വീണ്ടും വിവാഹിതനായി? വധു സഹോദരിയുടെ മകളല്ലെന്ന് റിപ്പോര്‍ട്ട്

ചെന്നൈ: നടനും സംവിധായകനും കോറിയോഗ്രാഫറുമായ പ്രഭുദേവ വീണ്ടും വിവാഹിതനായെന്ന് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ സെപ്റ്റംബറില്‍ മുംബൈയില്‍ ഗ്രീന്‍ ഏക്കേഴ്സിലുള്ള വസതിയില്‍ വെച്ച് അതീവ രഹസ്യമായി വിവാഹം നടന്നുവെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. ബിഹാര്‍ സ്വദേശിനിയായ ഫിസിയോതെറാപ്പിസ്റ്റിനെയാണ് താരം വിവാഹം ചെയ്തത്. ദമ്പതികള്‍ ഇപ്പോള്‍ ചെന്നൈയിലാണ് താമസിക്കുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു.
വിവാഹ വിവരം പ്രഭുദേവ പുറത്തുവിട്ടിട്ടില്ലെന്ന് താരവുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ വാര്‍ത്ത പറയുന്നു. പുറംവേദനയ്ക്ക് ചികിത്സ തേടിയപ്പോള്‍ പരിചയപ്പെട്ട ഫിസിയോതെറാപ്പിസ്റ്റുമായി താരം പ്രണയത്തിലാവുകയും പിന്നീട് അത് വിവാഹത്തിലേക്ക് എത്തുകയുമായിരുന്നു. തന്റെ സഹോദരിയുടെ മകളെ പ്രഭുദേവ വിവാഹം കഴിക്കാന്‍ പോകുന്നുവെന്ന വിധത്തില്‍ കഴിഞ്ഞയാഴ്ച വാര്‍ത്തകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിനോട് പ്രതികരിച്ചുകൊണ്ടാണ് പ്രഭുദേവയുമായി അടുത്ത കേന്ദ്രങ്ങള്‍ ഈ വിവരം പുറത്തു വിട്ടത്.
അത്തരം വാര്‍ത്തകള്‍ തെറ്റാണ്. പ്രഭുദേവ ഒരു ഫിസിയോതെറാപ്പിസ്റ്റിനെ വിവാഹം കഴിച്ചു. പക്ഷേ അത് അദ്ദേഹത്തിന്റെ സഹോദരിയുടെ മകളല്ല. ദമ്പതികള്‍ ഇപ്പോള്‍ ചെന്നൈയിലാണ് ഉള്ളതെന്നായിരുന്നു പ്രതികരണം. ഇക്കാര്യത്തില്‍ പ്രഭുദേവയില്‍ നിന്നോ അദ്ദേഹത്തിന്റെ മാനേജരില്‍ നിന്നോ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.