ശങ്കറിന് ഇളയരാജയുടെ വക്കീൽ നോട്ടീസ്

ചെന്നൈ: അനുമതിയില്ലാതെ തന്റെ പാട്ട് റീമിക്സ് ചെയ്ത് ഉപയോഗിച്ചതിനെതിരെ സംവിധായകൻ ശങ്കറിന് സംഗീത സംവിധായകൻ ഇളയരാജ വക്കീൽ നോട്ടീസയച്ചു. ഇളയരാജയുടെ പഴയ ഹിറ്റു പാട്ടായ ‘ഊരു വിട്ട് ഊരു വന്ത്’ ശങ്കർ തന്റെ പുതിയ ചിത്രം കപ്പലിൽ ഉപയോഗിച്ചതിനെ തുടർന്നാണ് നിയമ നടപടി.
ശങ്കറിന്റെ കമ്പനി നിർമ്മിച്ച കപ്പൽ ഹിറ്റായി മാറിയതോടെ ഗാനവും ശ്രദ്ധിക്കപ്പെട്ടു. തന്റെ പാട്ട് ചിത്രത്തിൽ നിന്ന് നീക്കം ചെയ്യണമെന്നും അല്ലെങ്കിൽ നഷ്ടപരിഹാരം നൽകണമെന്നും ഇളയരാജ ആവശ്യപ്പെട്ടു. ഇളയരാജയുടെ അനുവാദമില്ലാതെയാണ് പാട്ട് റീമിക്‌സ് ചെയ്തതെന്നും ഇത് കോപ്പിറൈറ്റ് ലംഘനമാണെന്നും അദ്ദേഹത്തിന്റെ അഭിഭാഷകൻ അഡ്വ.എസ്.കെ രഘുനാഥൻ പറഞ്ഞു.
രാമരാജനും കനകയും നായികാനായകൻമാരായ കരകാട്ടക്കാരൻ എന്ന ചിത്രത്തിലെ ഗാനമാണ് ‘ഊരു വിട്ട് ഊരു വന്ത്’. ഡിസംബർ 25നാണ് കപ്പൽ റിലീസ് ചെയ്തത്. ശങ്കറിന്റെ അസിസ്റ്റന്റായിരുന്ന കാർത്തിക് ജി കൃഷാണ് കപ്പലിന്റെ സംവിധാനം നിർവഹിച്ചത്.

