കത്തിയുടെ നിർമ്മാതാവ് ശ്രീലങ്കയിൽ അറസ്റ്റിൽ

വിജയ് നായകനായ കത്തി എന്ന സിനിമയുടെ നിർമ്മാതാവ് സുഭാസ്കരൻ അല്ലിരാജ ശ്രീലങ്കയിൽ അറസ്റ്റിലായി. മാലി ദ്വീപിൽ നിന്ന് സിനിമയുടെ വിജയാഘോഷച്ചടങ്ങ് കഴിഞ്ഞ് ലണ്ടനിലേക്ക് പോകുന്ന വഴിയാണ് ഇയാൾ അറസ്റ്റിലായത്. കൊളംബോ എയർപോർട്ടിൽ വിമാനം നിർത്തിയ സമയത്ത് പത്തോളം വരുന്ന ഉദ്യോഗസ്ഥർ വിമാനത്തിൽ പ്രവേശിക്കുകയായിരുന്നു. ഇവരുടെ കയ്യിൽ സുഭാസ്കരന്റെ ഫോട്ടോ ഉണ്ടായിരുന്നതായി ദൃക്സാക്ഷികൾ പറയുന്നു.
 | 

കത്തിയുടെ നിർമ്മാതാവ് ശ്രീലങ്കയിൽ അറസ്റ്റിൽ
ചെന്നൈ: വിജയ് നായകനായ കത്തി എന്ന സിനിമയുടെ നിർമ്മാതാവ് സുഭാസ്‌കരൻ അല്ലിരാജ ശ്രീലങ്കയിൽ അറസ്റ്റിലായി. മാലി ദ്വീപിൽ നിന്ന് സിനിമയുടെ വിജയാഘോഷച്ചടങ്ങ് കഴിഞ്ഞ് ലണ്ടനിലേക്ക് പോകുന്ന വഴിയാണ് ഇയാൾ അറസ്റ്റിലായത്. കൊളംബോ എയർപോർട്ടിൽ വിമാനം നിർത്തിയ സമയത്ത് പത്തോളം വരുന്ന ഉദ്യോഗസ്ഥർ വിമാനത്തിൽ പ്രവേശിക്കുകയായിരുന്നു. ഇവരുടെ കയ്യിൽ സുഭാസ്‌കരന്റെ ഫോട്ടോ ഉണ്ടായിരുന്നതായി ദൃക്‌സാക്ഷികൾ പറയുന്നു.

ഉദ്യോഗസ്ഥൻമാരുമായി രൂക്ഷമായ തർക്കത്തിന് ശേഷമാണ് അദ്ദേഹം കീഴടങ്ങിയത്. കൂടെയുള്ളവർ വിമാനത്തിൽ നിന്നും പുറത്തിറങ്ങിയെങ്കിലും ഉദ്യോഗസ്ഥരിൽ നിന്ന് വിശദീകരണമൊന്നും ലഭിച്ചില്ല. ഇവർ അടുത്ത വിമാനത്തിൽ ലണ്ടനിലേക്ക് പോകേണ്ടിവന്നു. അറസ്റ്റ് സംബന്ധിച്ച് ശ്രീലങ്ക ഔദ്യോഗികമായി ആദ്യം പ്രതികരിച്ചിരുന്നില്ല. എന്നാൽ പിന്നീട് എയർപോർട്ട് ഉദ്യോഗസ്ഥരുമായി വഴക്കുണ്ടാക്കിയതിന്റെ പേരിലാണ് അറസ്റ്റ് എന്ന വാർത്താക്കുറിപ്പ് പുറത്തുവന്നു.

യു.കെ. ആസ്ഥാനമായി പ്രവർത്തിക്കുന്ന ലൈക്കാ മൊബൈൽസിന്റെ വൈസ് ചെയർമാൻ പ്രേം ശിവസ്വാമിയും പിടിയിലായതായി സൂചനയുണ്ട്. ലൈക്കാ മൊബൈൽ ചെയർമാനാണ് സുഭാസ്‌കരൻ അല്ലിരാജ.

റിലീസ് സമയത്ത് സിനിമക്കെതിരെ തമിഴ്‌നാട്ടിൽ വലിയ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. കത്തിയുടെ നിർമ്മാതാവിന് ശ്രീലങ്കൻ പ്രസിഡന്റ് മഹീന്ദ രജപക്ഷേയുമായി ബിസിനസ് ബന്ധങ്ങൾ ഉണ്ടെന്നായിരുന്നു ഒരു വിഭാഗം തമിഴ് സംഘടകൾ ആരോപിച്ചത്. എൽ.ടി.ടി.ഇക്കെതിരായി യുദ്ധം നടത്തി ആയിരക്കണക്കിന് തമിഴരെ കൂട്ടക്കൊല ചെയ്ത രജപക്ഷേയുടെ ബിസിനസ് പങ്കാളിയെ തമിഴ്‌നാട്ടിൽ കാല്കുത്താൻ അനുവദിക്കില്ലെന്നായിരുന്നു പ്രതിഷേധക്കാർ പറഞ്ഞത്.

ലൈക്കാ പ്രൊഡക്ഷൻസ് എന്ന കമ്പനിയാണ് കത്തി നിർമ്മിച്ചത്. നേരത്തേ പ്രതിഷേധങ്ങൾ ഉയർന്നതിനേത്തുടർന്ന് ചിത്രത്തിന്റെ പോസ്റ്ററുകളിൽ നിന്നും മറ്റ് പ്രചാരണ സംവിധാനങ്ങളിൽ നിന്നും ഇവരുടെ ലോഗോ ഒഴിവാക്കിയിരുന്നു. വിവിധ സംഘടനകളുമായി ഇത്തരം ഒത്തുതീർപ്പ് ഉണ്ടാക്കിയ ശേഷമാണ് ചിത്രത്തിന്റെ ദീപാവലി റിലീസ് നടന്നത്.