സാധാരണക്കാർക്കായി രാംചരൺ തേജയുടെ വിമാന സർവീസ്

ഹൈദരാബാദ്: ചിരഞ്ജീവിയുടെ മകനും തെലുങ്ക് സൂപ്പർതാരവുമായ രാംചരൺ തേജയുടെ വിമാനം ഏപ്രിൽ മാസം മുതൽ സർവീസ് ആരംഭിക്കും. ടർബോ മേഘാ പ്രൈവറ്റ് ലിമിറ്റഡ് എന്ന് പേരിട്ടിരിക്കുന്ന വിമാന സർവീസ് തീർത്ഥാടകരേയും എക്കോണമി യാത്രക്കാരേയും ഉദ്ദേശിച്ചാണ് പുറത്തിറക്കിറക്കുന്നത്. തുടക്കത്തിൽ ആന്ധ്ര, തെലുങ്കാന മേഖലയിൽ സർവ്വീസ് നടത്താനാണ് കമ്പനിയുടെ പദ്ധതി.
സാധാരണക്കാരെ ഉദ്ദേശിച്ച് കുറഞ്ഞ നിരക്കിൽ 72 സീറ്റുകൾ വരുന്ന എടിആർ വിമാനവും ലക്ഷ്വറി യാത്രക്കാർക്കായി ഒൻപത് സീറ്റ് വിമാനവുമാണ് സർവീസ് നടത്തുന്നത്. സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറലിൽ നിന്നും അനുമതി ലഭിക്കുന്ന മുറയ്ക്ക് ഏപ്രിൽ ആദ്യ വാരം മുതൽ സർവീസുകൾ ആരംഭിക്കുമെന്ന് ടർബോ മേഘാ എയർവേയ്‌സ് മാനേജിംഗ് ഡയറക്ടർ വെങ്കയാലാപതി ഉമേഷ് പറഞ്ഞു. രാംചരൺ തേജയുടേയും ഉമേഷിന്റെയും പങ്കാളിത്തം വരുന്നതാണ് ടർബോ മേഘാ എയർവേയ്‌സ് പ്രൈവറ്റ് ലിമിറ്റഡെങ്കിൽ ടർബോ ഏവിയേഷൻ കമ്പനിയുടെ പ്രമോട്ടർമാർ ഉമേഷും ഡി രാധാമണി എന്നയാളുമാണ്.

