ഓണ്‍ലൈന്‍ വാദത്തിന് പ്രതിഭാഗം വക്കീല്‍ പ്രത്യക്ഷപ്പെട്ടത് ബനിയന്‍ ധരിച്ച്; പ്രതിയുടെ ജാമ്യഹര്‍ജി തള്ളാനൊരുങ്ങി കോടതി

ഓണ്ലൈന് വാദത്തിന് ബനിയന് ധരിച്ച് പ്രത്യക്ഷപ്പെട്ട അഭിഭാഷകനെ രൂക്ഷമായി വിമര്ശിച്ച് കോടതി.
 | 
ഓണ്‍ലൈന്‍ വാദത്തിന് പ്രതിഭാഗം വക്കീല്‍ പ്രത്യക്ഷപ്പെട്ടത് ബനിയന്‍ ധരിച്ച്; പ്രതിയുടെ ജാമ്യഹര്‍ജി തള്ളാനൊരുങ്ങി കോടതി

ജയ്പൂര്‍: ഓണ്‍ലൈന്‍ വാദത്തിന് ബനിയന്‍ ധരിച്ച് പ്രത്യക്ഷപ്പെട്ട അഭിഭാഷകനെ രൂക്ഷമായി വിമര്‍ശിച്ച് കോടതി. രാജസ്ഥാന്‍ ഹൈക്കോടതിയുടെ ജയ്പൂര്‍ ബെഞ്ചിലെ ജസ്റ്റിസ് സഞ്ജീവ് ശര്‍മയാണ് അഭിഭാഷകനെ ശാസിച്ചത്. ലാല്‍റാം എന്ന പ്രതിയുടെ ജാമ്യഹര്‍ജിയില്‍ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ വാദം കേള്‍ക്കുകയായിരുന്നു കോടതി. പ്രതിഭാഗത്തിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ രവീന്ദ്ര കുമാര്‍ പാലിവാള്‍ ആണ് ബനിയന്‍ ധരിച്ച് പ്രത്യക്ഷപ്പെട്ടത്.

വാദത്തിന് ഹാജരാകുമ്പോള്‍ ശരിയായ യൂണിഫോം ധരിക്കാത്തതിന് അഭിഭാഷകനെ കോടതി ശകാരിച്ചു. ഇതുകൂടാതെ പ്രതിയുടെ ജാമ്യഹര്‍ജി തള്ളാനും കോടതി തയ്യാറായി. എന്നാല്‍ അഭിഭാഷകന്റെ പിഴവിന് കക്ഷി ശിക്ഷിക്കപ്പെടരുതെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ പറഞ്ഞതോടെ കോടതി ഇതില്‍ നിന്ന് പിന്‍മാറുകയായിരുന്നു. കേസ് മെയ് 5ന് വീണ്ടും പരിഗണിക്കും.

വീഡിയോ കോണ്‍ഫറന്‍സിംഗിലായാലും അഭിഭാഷകര്‍ വാദം നടക്കുമ്പോള്‍ ശരിയായ യൂണിഫോം ധരിക്കണമെന്ന് കോടതി പറഞ്ഞു. ജിറ്റ്‌സി മീറ്റ് എന്ന ആപ്ലിക്കേഷന്‍ ഉപയോഗിച്ചാണ് രാജസ്ഥാന്‍ ഹൈക്കോടതി ലോക്ക് ഡൗണ്‍ കാലത്ത് അടിയന്തര പ്രാധാന്യമുള്ള കേസുകളില്‍ വാദം കേള്‍ക്കുന്നത്.