ഫെയര്‍ ആന്‍ഡ് ലവ്‌ലി പേര് മാറി; ഇനി അറിയപ്പെടുക ഈ പേരില്‍

ഫെയര് ആന്ഡ് ലവ്ലി ഇനി മുതല് വിപണിയിലെത്തുന്നത് പുതിയ പേരില്.
 | 
ഫെയര്‍ ആന്‍ഡ് ലവ്‌ലി പേര് മാറി; ഇനി അറിയപ്പെടുക ഈ പേരില്‍

ഫെയര്‍ ആന്‍ഡ് ലവ്‌ലി ഇനി മുതല്‍ വിപണിയിലെത്തുന്നത് പുതിയ പേരില്‍. ഗ്ലോ ആന്‍ഡ് ലവ്‌ലി എന്നാണ് ഉല്‍പന്നത്തിന്റെ പുതിയ പേരെന്ന് യൂണിലിവര്‍ അറിയിച്ചു. വര്‍ണ്ണ വിവേചനം നിറഞ്ഞു നില്‍ക്കുന്ന പേര് എന്ന ആരോപണം ശക്തമായതോടെയാണ് സ്‌കിന്‍ ക്രീമിന്റെ പേര് മാറ്റാന്‍ യൂണിലിവര്‍ തീരുമാനിച്ചത്. പുരുഷന്‍മാര്‍ക്കായി കമ്പനി പുറത്തിറക്കുന്ന ക്രീമിന്റെ പേര് ഗ്ലോ ആന്‍ഡ് ഹാന്‍സം എന്നും മാറ്റിയിട്ടുണ്ട്.

കറുത്ത ത്വക്ക് വെളുപ്പിക്കാന്‍ സഹായിക്കുമെന്ന ക്രീമിന്റെ പരസ്യം നേരത്തേ തന്നെ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ജോര്‍ജ് ഫ്‌ളോയ്ഡിന്റെ വംശീയ കൊലയ്ക്ക് പിന്നാലെ അമേരിക്കയില്‍ നിന്ന് തുടങ്ങി ലോകമൊട്ടാകെ വ്യാപിച്ച ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ എന്ന ക്യാംപെയിനിന്റെ ഭാഗമായി ഫെയര്‍ ആന്‍ഡ് ലവ്‌ലി പോലെയുള്ള ക്രീമുകള്‍ക്കെതിരെ ജനവികാരം ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് കമ്പനി ഉല്‍പന്നത്തിന്റെ പേര് മാറ്റാന്‍ തീരുമാനിച്ചത്.

ക്രീമിന്റെ പാക്കേജില്‍ മുഖത്തിന്റെ നിറം മാറുന്നത് പരിശോധിക്കാന്‍ നല്‍കിയിരിക്കുന്ന ഷേഡ് ഗൈഡ് ഒഴിവാക്കാനും കമ്പനി തീരുമാനിച്ചു. യൂണിലിവറിന് പുറമേ ഇത്തരം സ്‌കിന്‍ ക്രീമുകള്‍ ഉത്പാദിപ്പിക്കുന്ന മറ്റു കമ്പനികളും പേരുകള്‍ മാറ്റാന്‍ തീരുമാനിച്ചിട്ടുണ്ട്. ഗാര്‍ണിയര്‍, ലോറിയല്‍ തുടങ്ങിയ വമ്പന്‍മാരാണ് യൂണിലിവറിന്റെ പ്രതിയോഗികള്‍.