കേന്ദ്രം നല്‍കിയ കോവിഡ് മരുന്ന് സംസ്ഥാനം പാഴാക്കുന്നു; നശിക്കുന്നത് 23 കോടിയുടെ മരുന്ന്

കോവിഡ് സഹായം എന്ന നിലയില് ജര്മന് സര്ക്കാര് ഇന്ത്യക്ക് നല്കിയ മോണോക്ലോണല് ആന്റിബോഡി കോക്ക്ടെയില് എന്ന മരുന്ന് സംസ്ഥാനത്തെ മെഡിക്കല് കോളേജുകളില് ഉപയോഗിക്കാതെ നശിക്കുന്നു.
 | 
കേന്ദ്രം നല്‍കിയ കോവിഡ് മരുന്ന് സംസ്ഥാനം പാഴാക്കുന്നു; നശിക്കുന്നത് 23 കോടിയുടെ മരുന്ന്

കോവിഡ് സഹായം എന്ന നിലയില്‍ ജര്‍മന്‍ സര്‍ക്കാര്‍ ഇന്ത്യക്ക് നല്‍കിയ മോണോക്ലോണല്‍ ആന്റിബോഡി കോക്ക്‌ടെയില്‍ എന്ന മരുന്ന് സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളില്‍ ഉപയോഗിക്കാതെ നശിക്കുന്നു. കേന്ദ്രസര്‍ക്കാര്‍ 2355 വയല്‍ മരുന്നാണ് കേരളത്തിന് നല്‍കിയത്. 4710 രോഗികള്‍ക്ക് ഉപയോഗിക്കാവുന്ന ഈ മരുന്ന് സംസ്ഥാനത്ത് ഇതുവരെ 800 പേര്‍ക്ക് മാത്രമാണ് നല്‍കിയത്. ഈ മരുന്നിന്റെ എക്‌സ്പയറി ഡേറ്റ് അടുത്ത മാസത്തോടെ അവസാനിക്കും. 23 കോടി രൂപ വിലവരുന്ന മരുന്നാണ് ഇപ്പോള്‍ സംസ്ഥാനത്ത് ഉപയോഗിക്കാതെ വെച്ചിരിക്കുന്നത്. സംസ്ഥാനത്ത് നല്‍കിയ 800 ഡോസുകളില്‍ ഭൂരിഭാഗവും ഡോക്ടര്‍മാരുടെ ബന്ധുക്കള്‍ക്കാണ് ലഭിച്ചതെന്നും വിവരമുണ്ട്.

ഒരു വയലില്‍ രണ്ട് രോഗികള്‍ക്ക് കൊടുക്കാനുള്ള മരുന്നുണ്ട്. സ്വകാര്യ ആശുപത്രികള്‍ ഒരു ഇന്‍ജക്ഷന് 60,000 രൂപയാണ് ഈ മരുന്നിന് ഈടാക്കുന്നത്. അതായത് ഒരു വയലിന്റെ വില 1,20,000 രൂപയാണ്. ഹൈ റിസ്‌ക് കാറ്റഗറിയിലുള്ള രോഗികള്‍ക്കാണ് ഇത് നല്‍കേണ്ടത്. കോവിഡ് വന്ന് 7 ദിവസങ്ങള്‍ക്കുള്ളില്‍ നല്‍കിയാല്‍ രക്ഷപ്പെടാനുള്ള സാധ്യത ഏറെയാണ്. ഐസിഎംആര്‍ പ്രോട്ടോക്കോളില്‍ ഇത് ഉള്‍പ്പെടുത്തിയിട്ടില്ലെങ്കിലും അടിയന്തര ഘട്ടങ്ങളില്‍ ഈ മരുന്ന് ഉപയോഗിക്കാന്‍ ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍ സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് സംസ്ഥാനം ഈ മരുന്ന് വേണ്ടരീതിയില്‍ ഉപയോഗിക്കുന്നില്ല. കൃത്യ സമയത്ത് മരുന്ന് നല്‍കിയിരുന്നെങ്കില്‍ സംസ്ഥാനത്തെ നിരവധി കോവിഡ് മരണങ്ങള്‍ ഒഴിവാക്കാമായിരുന്നെന്ന് ആരോഗ്യരംഗത്തെ വിദഗ്ദ്ധര്‍ പറയുന്നു. സംസ്ഥാനത്തെ നിരവധി സ്വകാര്യ ആശുപത്രികള്‍ ഈ മരുന്ന് ഉപയോഗിക്കുമ്പോഴാണ് സര്‍ക്കാര്‍ ഇതിനോട് മുഖംതിരിച്ചു നില്‍ക്കുന്നത്.

അമേരിക്കന്‍ പ്രസിഡന്റായിരുന്ന ട്രംപ് ഈ മരുന്ന് ഉപയോഗിച്ചിരുന്നു. അതുകൊണ്ട് പിന്നീട് ഇത് ട്രംപ് കോക്ക്‌ടെയില്‍ എന്ന പേരിലും അറിയപ്പെടുന്നുണ്ട്. രണ്ട് വ്യത്യസ്ത മരുന്നുകള്‍ കുത്തിവെപ്പിന് തൊട്ടുമുമ്പ് മിക്‌സ് ചെയ്താണ് ഉപോയിഗിക്കുന്നത്. അതിനാലാണ് മരുന്നിനെ കോക്ടെയില്‍ എന്ന് പറയുന്നത്.