പെഗാസസ് രാഹുല്‍ ഗാന്ധിയെയും ലക്ഷ്യമിട്ടിരുന്നു; തെളിവുകള്‍ പുറത്ത്

പ്രമുഖരുടെ ഫോണുകള് ചോര്ത്തിയ പെഗാസസിന്റെ ലക്ഷ്യങ്ങളില് ഒന്ന് കോണ്ഗ്രസ് നേതാവ് രാഹുല് ഗാന്ധിയായിരുന്നുവെന്ന് റിപ്പോര്ട്ട്.
 | 
പെഗാസസ് രാഹുല്‍ ഗാന്ധിയെയും ലക്ഷ്യമിട്ടിരുന്നു; തെളിവുകള്‍ പുറത്ത്

പ്രമുഖരുടെ ഫോണുകള്‍ ചോര്‍ത്തിയ പെഗാസസിന്റെ ലക്ഷ്യങ്ങളില്‍ ഒന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയായിരുന്നുവെന്ന് റിപ്പോര്‍ട്ട്. ചോര്‍ന്ന ഡേറ്റാബേസ് വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ദി ഗാര്‍ഡിയന്‍ ആണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്. രാഹുല്‍ ഉപയോഗിച്ചിരുന്ന രണ്ട് ഫോണ്‍ നമ്പറുകള്‍ ചാരപ്രവര്‍ത്തനം നടത്തിയ ഏജന്‍സിയുടെ ഹിറ്റ്‌ലിസ്റ്റിലുണ്ടായിരുന്നുവെന്നാണ് വിവരം. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഒരു വര്‍ഷം മുന്‍പാണ് രാഹുല്‍ നിരീക്ഷിക്കപ്പെടാന്‍ സാധ്യതയുള്ളവരുടെ പട്ടികയില്‍ ഉള്‍പ്പെട്ടത്.

രാഹുലിന്റെ ഏറ്റവും അടുത്ത അഞ്ചോളം സുഹൃത്തുക്കളുടെയും മറ്റു ചില കോണ്‍ഗ്രസ് നേതാക്കളുടെയും ഫോണ്‍ നമ്പറുകളും ഈ പട്ടികയിലുണ്ട്. ഫോര്‍ബിഡന്‍ സ്‌റ്റോറീസ് എന്ന നോണ്‍പ്രൊഫിറ്റ് ജേര്‍ണലിസം സംഘടനയും ആംനസ്റ്റി ഇന്റര്‍നാഷണലും ചേര്‍ന്നാണ് ഈ വിവരങ്ങള്‍ ശേഖരിച്ചത്. സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരെയും രാഷ്ട്രീയ നേതാക്കളെയും മാധ്യമപ്രവര്‍ത്തകരെയും ആക്ടിവിസ്റ്റുകളെയുമാണ് പെഗാസസ് ലക്ഷ്യമിട്ടത്. ഫോണുകള്‍ നിരീക്ഷിക്കപ്പെട്ടുവെന്നത് സ്ഥിരീകരിക്കണമെങ്കില്‍ ഫോറന്‍സിക് പരിശോധന വേണ്ടിവരുമെന്നാണ് ഫോര്‍ബിഡന്‍ സ്‌റ്റോറീസ് വ്യക്തമാക്കുന്നത്.

പക്ഷേ, പെഗാസസ് ബാധിച്ചവയും ലക്ഷ്യമിട്ടവയുമായ നമ്പറുകള്‍ കണ്‍സോര്‍ഷ്യം സ്ഥിരീകരിക്കുന്നുണ്ട്. നിരീക്ഷണം ഒഴിവാക്കുന്നതിനായി രാഹുല്‍ ഗാന്ധി ഫോണുകള്‍ ഇടയ്ക്ക് മാറാറുണ്ട്. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ഫോണ്‍ മാറ്റിയതിനാല്‍ പഴയ ഫോണ്‍ പരിശോധനയ്ക്ക് നല്‍കാന്‍ രാഹുലിന് കഴിഞ്ഞിരുന്നില്ലെന്നും ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.