മാധ്യമ വിഡ്ഢിത്തങ്ങൾക്കെതിരെ ജനജാഗ്രതയിൽ സക്കറിയ പങ്കെടുക്കുന്നു
കൊച്ചി: സത്യസന്ധമല്ലാത്ത വാർത്തകൾ നൽകി ജനങ്ങളെ വിഡ്ഢികളാക്കുന്ന മാധ്യമങ്ങൾക്കെതിരെ വിഡ്ഢി ദിനത്തിൽ കൊച്ചിയിൽ നടക്കുന്ന പ്രതിഷേധ സംഗമത്തിൽ സാഹിത്യകാരൻ സക്കറിയ പങ്കെടുക്കുന്നു. സാമൂഹ്യപ്രവർത്തകരും കലാകാരന്മാരും സോഷ്യൽ മീഡിയ പ്രവർത്തകരും സംയുക്തമായി ഏപ്രിൽ ഒന്നിന് ഉത്തരവാദിത്വ പൂർണ്ണമായ മാധ്യമ പ്രവർത്തനത്തിനായി കൊച്ചിയിൽ സംഘടിപ്പിക്കുന്ന കൂട്ടായ്മയിലാണ് സക്കറിയയും പങ്കെടുക്കുന്നത്.
സത്യസന്ധമല്ലാത്ത വാർത്തകൾ പ്രചരിപ്പിച്ചും ജനകീയ സമരങ്ങളെ തിരസ്ക്കരിച്ചും കേരളത്തിലെ മാധ്യമങ്ങൾ നടത്തുന്ന അധാർമ്മികതകൾക്കെതിരായ തുടർ ജാഗ്രതാപരിപാടികളുടെ ഭാഗമാണിത്. സോഷ്യൽ നെറ്റ്വർക്ക് സൈറ്റുകളിൽ സജീവമായ ‘പീപ്പിൾസ് വോയ്സ് എഗൈൻസ്റ്റ് മീഡിയ ഫൂളിസം’ എന്ന ക്യാമ്പയിന്റെ ഭാഗമാണ് കൂട്ടായ്മ സംഘടിപ്പിക്കുന്നത്. മാധ്യമ പ്രവർത്തനത്തെ ധീരവും ശക്തവുമാക്കാനുള്ള ജാഗ്രതാപരിപാടികൾ കേരളത്തിലുടനീളം തുടർന്നും സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.
നാളെ എറണാകുളം രാജേന്ദ്ര മൈതാനിയ്ക്ക് സമീപമുള്ള ഗാന്ധിസ്ക്വയറിൽ വൈകിട്ട് മൂന്നു മുതൽ ഏഴുവരെയാണ് പരിപാടി. സക്കറിയയ്ക്ക് പുറമെ ആഷിക്ക് അബു, ഷഹബാസ് അമൻ, ശാരദക്കുട്ടി, അൻവർ അലി, സെബാസ്റ്റ്യൻ കാറ്റാടി തുടങ്ങിയവർ പങ്കെടുക്കും. മുഖ്യധാരാ മാധ്യമങ്ങൾ തിരസ്ക്കരിച്ച ഇരിക്കൽ സമരത്തിൽ പങ്കെടുക്കുന്ന സ്ത്രീകൾ അവർക്ക് നേരിടേണ്ടി വന്ന മാധ്യമ തിരസ്ക്കാരത്തിന്റെ നേർചിത്രം പ്രതിഷേധ സംഗമത്തിൽ അവതരിപ്പിക്കും. കേരളത്തിലുടനീളമുള്ള സോഷ്യൽമീഡിയ പ്രവർത്തകരുടെ വിളംബര നടത്തത്തോടെയാകും പരിപാടി ആരംഭിക്കുക.