കളക്ടറുടെ പരാതി: സോഷ്യല്‍ മീഡിയയില്‍ അവധി പ്രഖ്യാപിച്ചവര്‍ക്കെതിരേ അന്വേഷണം

കണ്ണൂര്‍: സോഷ്യല്‍ മീഡിയയില്‍ തന്റെ പേരില്‍ അവധി പ്രഖ്യാപിച്ചവര്‍ക്കെതിരേ കണ്ണൂര്‍ കളക്ടര്‍ പി. ബാലകിരണിന്റെ പരാതി. സൈബര്‍ സെല്‍ ഡിവൈ.എസ്.പി.ക്കാണ് പരാതി നല്‍കിയത്. സംഭവത്തില്‍ സൈബര്‍ സെല്‍ അന്വേഷണം തുടങ്ങി. കഴിഞ്ഞ ദിവസം മഴയെ തുടര്‍ന്ന് കളക്ടര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കിയിരുന്നു. എന്നാല്‍ കളക്ടര്‍ അവവധി പ്രഖ്യാപിക്കുന്നതിന്റെ തലേദിവസം തന്നെ വ്യാജ വാര്‍ത്ത നിരവധി ആളുകളിലെത്തിരുന്നു. വാട്ട്സ്ആപ്പിലൂടെയും ഫേസ്ബുക്കിലൂടെയും നിരവധി ആളുകളാണ് വാര്‍ത്ത ഷെയര്‍ ചെയ്തത്.
അധ്യാപകരും വിദ്യാര്‍ഥികളും രക്ഷിതാക്കളുമടക്കം നിരവധി പേര് പത്ര ഓഫീസുകളിലേക്ക് വിളിച്ച് അവധി വിവരം അന്വേഷിച്ചുതുടങ്ങി. ചിലര്‍ കളക്ടറെ നേരിട്ടുവിളിച്ച് വാര്‍ത്തയെക്കുറിച്ച് അന്വേഷിച്ചതോടെയാണ് ഈ വിവരം കളക്ടര്‍ അറിയുന്നത്. ഇതുവരെ അവധി നല്‍കിയിട്ടില്ലെന്ന് കളക്ടര്‍ ഇവരെയെല്ലാം അറിയിക്കുകയായിരുന്നു. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തില്‍ നിന്ന് റിപ്പോര്‍ട്ട് വന്നതിന് ശേഷമാണ് കളക്ടര്‍ അവധി നല്കാന് തീരുമാനിച്ചത്.
തന്റെപേരില്‍ ഇത്തരത്തില്‍ വീണ്ടും വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നത് തടയാനായാണ് നിയമനടപടിയുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചതെന്നും കളക്ടര്‍ പറഞ്ഞു.