ഫിഡലിനെ ക്രൂരനായ സ്വേച്ഛാധിപതിയെന്ന് വിളിച്ച ട്രംപിന് മലയാളി പൊങ്കാല
വാഷിംഗ്ടണ്‍: അന്തരിച്ച ക്യൂബന് നേതാവും വിപ്ലവകാരിയുമായ ഫിഡല് കാസ്ട്രോയെ ക്രൂരനായ സ്വേച്ഛോധിപതിയെന്ന് വിളിച്ച നിയുക്ത അമേരിക്കന് പ്രസിഡന്റ് ഡൊണാള്ഡ് ട്രംപിന് മലയാളി പൊങ്കാല. സച്ചിനെ അറിയില്ലെന്ന് പറഞ്ഞ മരിയ ഷറപ്പോവയെ പൊങ്കാലയിട്ട് തുടങ്ങിയ മലയാളിപ്പെരുമ ഒട്ടും ചോര്ന്നു പോകാത്ത വിധത്തിലുള്ള തെറിവിളിയാണ് ട്രംപിന്റെ പോസ്റ്റിനു കീഴില് മലയാളികള് ഇട്ടിരിക്കുന്നത്.
കാസ്‌ട്രോയുടെ മരണ ശേഷം കാസ്‌ട്രോ മരിച്ചു എന്ന് ട്വീറ്റ് ചെയ്ത ട്രംപ് പിന്നീട് കാസ്‌ട്രോയെ സ്വേച്ഛാധികാരിയെന്ന് വിളിച്ച് രംഗത്തെത്തുകയായിരുന്നു. ഫേസ്ബുക്ക് പേജില്‍ എഴുതിയ കുറിപ്പിലാണ് ട്രംപ് കാസ്‌ട്രോയ്‌ക്കെതിരെ രംഗത്തെത്തിയത്. അറുപത് വര്‍ഷം ക്യൂബയിലെ ജനങ്ങളെ അടക്കി ഭരിക്കുകയായിരുന്നു കാസ്‌ട്രോയെന്നും രാജ്യത്ത് ദുരിതങ്ങളും പൗരന്‍മാരുടെ അവകാശങ്ങളുടെ നിഷേധവുമാണ് നടന്നതെന്നും ട്രംപ് ആക്ഷേപിച്ചു.
ഈ പോസ്റ്റിനു കീഴില്‍ അമേരിക്കന്‍ ചരിത്രം ഉദ്ധരിച്ചു കൊണ്ട് ക്രൂരതകള്‍ വര്‍ണ്ണിക്കുന്ന ഉദാത്ത കമന്റുകള്‍ മുതല്‍ പച്ചത്തെറി വരെ മലയാളത്തില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.